Photo: Reuters
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 36 അഫ്ഗാന് പൗരന്മാര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളിലാണ് വെള്ളിയാഴ്ച രാത്രി പാകിസ്താന് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം നടന്നതായി അഫ്ഗാനിസ്താനിലെ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ താലിബാന് നേതാക്കള്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
അതേസമയം വ്യോമാക്രമണം നടത്തിയെന്ന താലിബാന്റെ അവകാശവാദം പാകിസ്താന് നിഷേധിച്ചു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്താനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയതായാണ് പാകിസ്താന് വിശദീകരിച്ചത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ മുന്നറിയിപ്പില്ലാത്ത പ്രത്യാക്രമണങ്ങളിലേക്ക് വഴിയൊരുക്കുമെന്നാണ് താലിബാന് നേതാക്കള്‍ പാക് നയതന്ത്രപ്രതിനിധിയെ അറിയിച്ചത്.
ആക്രമണം നടത്തിയ രീതി സംബന്ധിച്ച് പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവന്നില്ലെങ്കിലും പാകിസ്താന്റെ ഹെലികോപ്ടറുകള്‍ അഫ്ഗാനിലെ രണ്ട് ജില്ലകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നുവെന്നും ആക്രമണത്തില്‍ 36 പേര് കൊല്ലപ്പെട്ടുവെന്നുമാണ് ഖോസ്റ്റിലെ താലിബാന് നേതാവ് മാവ്ലാവി മുഹമ്മദ് റയീസ് ഹെലാല്‍ പ്രതികരിച്ചത്. അതേസമയം മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
വ്യോമാക്രമണത്തില്‍ പൗരന്മാര് കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങളുമായി പ്രദേശവാസികള്‍ രംഗത്തെത്തി.
Content Highlights: At least 36 civilians, including children, killed in Pak airstrikes in Afghanistan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..