%20(1).jpg?$p=75340d2&f=16x10&w=856&q=0.8)
റഷ്യയുമായി പോരാട്ടത്തിലേർപ്പെട്ട യുക്രൈൻ സൈനികർ |ഫോട്ടോ:AFP
- യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് രഹസ്യ വ്യോമത്താവളം വഴിയെന്ന് സിഎന്‍എന്‍
- വ്യോമത്താവളം ലക്ഷ്യമാക്കിയും ആക്രമണങ്ങള്‍ നടന്നേക്കുമെന്ന് പാശ്ചാത്യരാജ്യങ്ങള്‍
വാഷിങ്ടണ്‍: യുഎസ് ജോയിന്റെ ചിഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ മാര്‍ക് മില്ലി കഴഞ്ഞ ആഴ്ച യുക്രൈന് അതിര്‍ത്തിക്കടത്തുള്ള ഒരു അജ്ഞാത വ്യോമത്താവളത്തിലേക്ക് പോയിരുന്നു. യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ കേന്ദ്രമായി ഈ അജ്ഞാത വ്യോമത്താവളം മാറിയിരിക്കുകയാണ്. യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനറല്‍ മാര്‍ക് മില്ലി ഇവിടെ എത്തി സൈനികരേയും ഉദ്യോഗസ്ഥരേയും കാണുകയും ആയുധങ്ങളുടെ കൈമാറ്റം അടക്കമുള്ളവ പരിശോധിക്കുകയും ചെയ്തതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപ ദിവസങ്ങളില്‍ ഈ വ്യോമത്താവളത്തില്‍ സജീവവും അതിവേഗത്തില്‍ ഉള്ളതുമായ ആയുധ കൈമാറ്റങ്ങളാണ് നടന്നുവരുന്നത്. വിരലിലെണ്ണാവുന്ന വിമാനങ്ങള്‍ മാത്രം വന്നുപോയിരുന്ന ഇവിടേക്ക് നിലവില്‍ ദിനംപ്രതി പരമാവധി ശേഷിയായ 17 വിമാനങ്ങള്‍ എത്തുന്നുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളടക്കം യുക്രൈനിലേക്ക് എത്തിക്കുന്നതിന്റെ ആവശ്യകതയും സാഹചര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ സ്ഥാനം രഹസ്യമായി തന്നെ തുടരേണ്ടതുണ്ടെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.
യുക്രൈനില്‍ അധിവേശം നടത്തികൊണ്ടിരിക്കുന്ന റഷ്യന്‍ സൈന്യം നിലവില്‍ ഈ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍ സംഘര്‍ഷം പുരോഗമിക്കുന്നതിനിടയില്‍ ഏത് സമയത്തും ഇങ്ങോട്ടേക്കുള്ള ഒരു ആക്രമണം പശ്ചാത്ത്യരാജ്യങ്ങള് പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ മാസം റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പു തന്നെ കിഴക്കന്‍ യൂറോപ്പിന് മുകളിലുള്ള ആകാശം യുഎസിന്റെ സഖ്യകക്ഷികളുടേയും സൈനിക ചരക്ക് വിമാനങ്ങളാല്‍ നിറഞ്ഞിരുന്നു. പ്രത്യേകിച്ച് യുഎസ് സേനയുടെ നട്ടെല്ലായ സി17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങള്‍ നാറ്റോയുടെ കിഴക്കന്‍ ഭാഗത്ത് സൈനികരെ മാറ്റുകയും യുക്രൈനിലേക്ക് കൈമാറാന്‍ കഴിയുന്ന ട്രാന്‍സ്ഫര്‍ പോയിന്റുകളിലേക്ക് ആയുധങ്ങള്‍ നീക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
യുഎസിന്റെ യൂറോപ്യന്‍ കമാന്‍ഡാണ് സഖ്യകക്ഷികളെ ഏകോപിപ്പിച്ച് യുക്രൈനിലേക്ക് ആയുധങ്ങള്‍ കൈമാറുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
%20(1).jpg?$p=ede7764&w=610&q=0.8)
റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ 14 രാജ്യങ്ങളാണ് യുക്രൈനിലേക്ക് ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും അയച്ചുകൊണ്ടിരിക്കുന്നത്. 350 ദശലക്ഷം ഡോളറിന്റെ യുഎസ് സുരക്ഷാ സഹായ പാക്കേജിന്റെ ഭൂരിപക്ഷവും ഇതിനോടകം തന്നെ യുക്രൈന് ലഭിച്ചുവെന്നാണ് വിവരം. സുരക്ഷാ സഹായം വൈറ്റ് ഹൗസ് പ്രഖ്യാപിച്ച് ഒരാഴ്ച്ചക്കകമാണ് ഇത്തരത്തില്‍ കൈമാറ്റം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വിവിധ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ലഭ്യമായതോടെ പലഭാഗങ്ങളിലും റഷ്യന്‍ മുന്നേറ്റത്തേയും ആക്രമണത്തേയും മന്ദഗതിയിലാക്കാന്‍ യുക്രൈന് സൈന്യത്തിന് ആയി എന്നാണ് വിലയിരുത്തല്‍.
'ഞങ്ങള്‍ അവര്‍ക്ക് നല്കിയ ഉപകരണങ്ങള്‍ യുക്രൈനിയന്‍ സായുധ സേന എത്ര ഫലപ്രദമായിട്ടാണ് ഉപയോഗിക്കുന്നത്. അത് ഞങ്ങളെയെല്ലാം വളരെയധികം ആകര്‍ഷിച്ചു'ഒരു യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു. കീവിനെ ലക്ഷ്യമാക്കി വടക്കന്‍ മേഖലയിലൂടെ നീങ്ങിയിരുന്ന 64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റഷ്യന്‍ സൈനികവ്യൂഹം നിലവില്‍ സ്തംഭിച്ചുകിടക്കുന്നത് ഇത്തരത്തിലുള്ള പ്രതിരോധമൂലമാണെന്നാണ് യുഎസ് കണക്കാക്കുന്നത്. ഊ വാഹനവ്യൂഹത്തിന് യുക്രൈന് സൈന്യത്തിന്റെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുഎസ് പറയുന്നു.
യുഎസ് നല്കിയ ആയുധങ്ങള്‍ സംബന്ധിച്ച് ഡിസംബറിലും ജനുവരിയിലുമായി യുക്രൈന് സൈന്യത്തിന് പരിശീലനം നല്‍കിയിരുന്നു. അതുകൊണ്ടാണ് യുക്രൈന് സൈന്യത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇത് പ്രാവീണ്യത്തോടെ ഉപയോഗിക്കാന്‍ സാധിക്കുന്നതെന്നും യുഎസ് അധികൃതര്‍ അടിവരയിടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..