സൂറിച്ച്:  കോവിഡ് വാക്സിന്‍ സ്വീകരിച്ച സ്ത്രീക്ക് അപൂര്‍വവും ഗുരുതരവുമായ നാഡീ സംബന്ധമായ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് അസ്ട്രാസെനെക പരീക്ഷണം നിര്‍ത്തിവെച്ചത് ഒരു ഉറക്കം വിട്ടുണരലാണെന്ന്‌ ലോകാരോഗ്യ സംഘടന. എന്നാല്‍ ഗവേഷകരെ നിരുത്സാഹപ്പെടുത്തരുതെന്നും ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുമെന്ന് ഓർമിപ്പിക്കുന്ന മുന്നറിയിപ്പാണിതെന്നും നമ്മള്‍ തയ്യാറായിരിക്കണമെന്നും സൗമ്യ സാമിനാഥന്‍ പറഞ്ഞു. എന്നാല്‍ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വാക്സിന്‍ സ്വീകരിച്ച സ്ത്രീക്ക് അപൂര്‍വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. അവര്‍ക്ക് 'ട്രാന്‍വേഴ്സ് മൈലൈറ്റീസ്' എന്ന രോഗാവസ്ഥയാണെന്ന് അസ്ട്രാസെനെക സി.ഇ.ഒ. പാസ്‌കല്‍ സോറിയറ്റ് പറഞ്ഞിരുന്നു. 

2021 ജനുവരിയോടെ വാക്‌സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍. കോവിഡ് വാക്‌സിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്നതാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്‍.

Content Highlights: AstraZeneca Vaccine Trial Pause A "Wake-Up Call", Says WHO