ലണ്ടന്‍: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനകയുടെ ബ്രസീലിലെ കോവിഡ്-19 വാക്‌സിന്‍ പരീക്ഷണത്തിനിടെ മരിച്ച വ്യക്തിയ്ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്ന് സൂചന. വിഷയവുമായി ബന്ധമുള്ള ഒരുദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. 

പരീക്ഷണത്തിനിടെ വൊളന്റിയര്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്തിയ അന്താരാഷ്ട്രസമിതി പരീക്ഷണം തുടരാന്‍ നിര്‍ദേശിച്ചതായി ബ്രസീലിയന്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(Anvisa) ഔദ്യോഗികമായി പ്രസ്താവിച്ചു. 

ഒക്‌സ്‌ഫര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് കോവിഡ് വാക്‌സിന്‍ വികസനപരീക്ഷണങ്ങള്‍ തുടരുന്ന ആസ്ട്രസെനക, സുരക്ഷാകാരണങ്ങളാല്‍ വ്യക്തിഗത സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. വാക്‌സിന്‍ പരീക്ഷണത്തിലെ സുരക്ഷാകാര്യം സംബന്ധിച്ച ആശങ്കയില്ലെന്ന ഓക്‌സ്‌ഫര്‍ഡിന്റെ നിലപാടിനെ തുടര്‍ന്ന് പരീക്ഷണം തുടരാന്‍ ബ്രസീല്‍ നിര്‍ദേശിച്ചതായി സര്‍വകലാശാലാ വക്താവ് സ്റ്റീഫന്‍ റൗസ് അറിയിച്ചു. 

ബ്രസീല്‍ സ്വദേശിയായ ഒരു ഡോക്ടറാണ് വാക്‌സിന്‍ പരീക്ഷണത്തിനിടെ തിങ്കളാഴ്ച മരിച്ചത്. മറ്റു പല കാരണങ്ങളാല്‍ മരണം സംഭവിക്കാമെന്നും വാക്‌സിന്‍ പരീക്ഷണത്തിന് ഇതുമായി ബന്ധമുണ്ടാകാനിടയില്ലെന്നും അന്താരാഷ്ട്ര അന്വേഷണസമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

 

 

Content Highlights: AstraZeneca Trial Volunteer Who Died Hadn't Received Vaccine: Report