ന്യൂഡൽഹി: '2008 GO20' എന്ന ഛിന്നഗ്രഹം ജൂലായ് 24ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഈ ഛിന്നഗ്രഹത്തിന് ഒരു സ്റ്റേഡിയത്തോളമോ അല്ലെങ്കിൽ താജ്മഹലിന്റെ മൂന്നിരട്ടിയോളമോ വലുപ്പമുണ്ട്. മണിക്കൂറിൽ 18,000 മൈൽ വേഗതയിലാണ് ഇത് ഭൂമിയിലേക്ക് അടുക്കുന്നതെന്നും നാസ വ്യക്തമാക്കി.

അപ്പോളോ ക്ലാസ് വിഭാഗത്തിലുള്ളതാണ് '2008 GO20' ഛിന്നഗ്രഹം.അതേസമയം ഇതിന്റെ സഞ്ചാര പാതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്. ഭൂമിയുമായി വളരെ അടുത്തുവരുമെങ്കിലും 0.04 ആസ്ട്രോണമിക് യൂണിറ്റ് (3,718,232 മൈൽ) അകലെയാണ് ഛിന്നഗ്രഹമുള്ളത്. ഭൂമിയിൽ നിന്ന് ഏകദേശം 2,38,606 മൈൽ അകലെയാണ് ചന്ദ്രന്റെ സ്ഥാനം.

ഭൂമിയോട് വളരെ അടുത്തേക്ക് വരുന്നതിനാൽ സൗരയൂഥത്തിൽ ഭൂമിയുടെ പരിസരത്ത് കറങ്ങി നടക്കുന്ന ഭീഷണിയായേക്കാവുന്ന 'നിയർ-എർത്ത് ഒബ്ജക്ട്' കൂട്ടത്തിലാണ് നാസ ഈ ഛിന്നഗ്രഹത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഒരുവിധേനയും ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകില്ലെന്നാണ് നാസ നൽകുന്ന വിവരങ്ങൾ.

ഭൂമിയിലേക്ക് പതിച്ചേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാൻ വലിയ റോക്കറ്റുകൾ വിക്ഷേപിക്കാൻ ചൈനീസ് ഗവേഷകർ നിർദേശിച്ചിരുന്നു. ഇത്തരത്തിൽ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന രണ്ട് ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാൻ ഈ വർഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ യുഎസ് ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

content highlights:Asteroid the size of stadium to fly past Earth on July 24, says Nasa