ഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂര്‍ണനിയന്ത്രണം പിടിച്ചെന്ന താലിബാന്‍റെ അവകാശവാദം സത്യമാണെങ്കില്‍, അസ്തമിക്കുന്നത് പഞ്ച്ശീര്‍ ജനതയുടെ ചരിത്രപരമായ ചെറുത്തുനില്‍പാണ്. അഫ്ഗാനിസ്താനില്‍ അതിവേഗം നിയന്ത്രണമേറ്റെടുത്ത് സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കുമ്പോഴും താലിബാന്‍ വിരുദ്ധ സായുധസേനയില്‍നിന്നുള്ള ശക്തമായ ചെറുത്തുനില്‍പ്പിനെ നേരിടുകയായിരുന്നു താലിബാന്‍. 

ant taliban
താലിബാന്‍ വിരുദ്ധ സേന

പഞ്ച്ശീര്‍ കൈവശപ്പെടുത്തിയെന്ന താലിബാന്റെ വാദം തെറ്റാണെന്നും പോരാട്ടം തുടരാന്‍ താഴ്വരയിലുടനീളമുള്ള എല്ലാ തന്ത്രപ്രധാന സ്ഥാനങ്ങളിലും എന്‍ആര്‍എഫിന്‍റെ സേനയുണ്ടെന്നുമാണ് പ്രതിരോധസേന അവകാശപ്പെടുന്നത്. താലിബാനും അവരുടെ പങ്കാളികള്‍ക്കുമെതിരായ പോരാട്ടം നീതിയും സ്വാതന്ത്ര്യവും നിലനില്‍ക്കുന്നതുവരെ തുടരുമെന്ന് അവര്‍ അഫ്ഗാനിസ്താനിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ 
പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തില്‍ പഞ്ച്ശീറില്‍ പ്രതിരോധ സേനയ്ക്ക് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ല എന്നുതന്നെ അനുമാനിക്കേണ്ടി വരും.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അഫ്ഗാനിസ്താനില്‍ അവസാനിച്ച, അതേ സ്വേച്ഛാധിപത്യ ഭരണത്തിലേക്കുള്ള തിരിച്ചുപോക്കിനെതിരെ പോരാടുകയായിരുന്നു മുപ്പത്തിയൊന്നുകാരനായ അഹമ്മദ് മസൂദ് നേതൃത്വം നല്‍കുന്ന ദേശീയ പ്രതിരോധ മുന്നണി അഥവാ നാഷണല്‍ റെസ്സിസ്റ്റന്‍സ് ഫ്രണ്ട്. 

കാബൂളിന് ഏകദേശം 145 കിലോമീറ്റര്‍ വടക്ക് ഹിന്ദുകുഷ് മലനിരകളിലാണ് പഞ്ച്ശീര്‍ താഴ്വര സ്ഥിതിചെയ്യുന്നത്. പതിറ്റണ്ടുകളുടെ പഴക്കമുണ്ട് കീഴടങ്ങാന്‍ ഒരുക്കമല്ലാത്ത, മരണം വരെ പോരാടാനുറപ്പിച്ച ധീരരായ പഞ്ച്ശീര്‍ ജനതയുടെ പോരാട്ടത്തിന്. 1980കളില്‍ സോവിയറ്റ് സൈന്യത്തിനെതിരായ പോരാട്ടങ്ങളുടെ കേന്ദ്രമായിരുന്ന പഞ്ച്ശീര്‍ താഴ്വര, താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ വീണ്ടും പ്രതിരോധത്തിന്റെ കേന്ദ്രമായി മാറുകയായിരുന്നു.

afghan resistance front

എണ്‍പതുകളിലും തൊണ്ണൂറുകളിലും സോവിയറ്റ് യൂണിയനും താലിബാനും കിണഞ്ഞുപരിശ്രമിച്ചിട്ടും പിടിച്ചടക്കാന്‍ കഴിയാതിരുന്ന പ്രദേശമായിരുന്നു പഞ്ച്ശീര്‍. സോവിയറ്റ് യൂണിയന് അവരുടെ പ്രതാപകാലത്തുപോലും കഴിയാതിരുന്ന കാര്യം ഇന്ന് താലിബാനും സാധ്യമല്ല എന്നാണ് പ്രതിരോധസേന വിശ്വസിച്ചിരുന്നത്. അതുതന്നെയായിരുന്നു അവരുടെ ആത്മവിശ്വാസവും. ഇന്നും അഫ്ഗാനിസ്താനിലെ ഒരു ശക്തിക്കും പ്രതാപകാലത്തെ സോവിയറ്റ് ആര്‍മിയുടെ ശക്തി ഉണ്ടെന്ന് അവര്‍ കരുതിയിരുന്നില്ല. ആരോക്കെ കീഴടക്കാന്‍ വന്നിട്ടുണ്ടൊ അവരെല്ലാം പരാജയപ്പെട്ട ചരിത്രം മാത്രമേ പഞ്ച്ശീറിന് പറയാനുണ്ടായിരുന്നുള്ളു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആ പഴയ വീരകഥകള്‍ അവരുടെ രക്ഷയ്ക്കെത്തില്ലെന്നാണ് കരുതേണ്ടത്.

അഹ്മദ് മസൂദ് സ്ഥാപിച്ച നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താന്‍ (NRF) താലിബാനെ നേരിടാന്‍ ആയിരക്കണക്കിന് പോരാളികള്‍ തയ്യാറാണെന്ന് പറയുമ്പോഴും ഒരു സംഘര്‍ഷത്തിലേക്ക് പോകുന്നതിന് മുന്‍പ് സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

ആരാണ് അഹമ്മദ് മസൂദ്?

അഹമ്മദ് മസൂദ്
മസൂദ് ഫൗണ്ടേഷന്റെ സിഇഒ, അഫ്ഗാന്‍ രാഷ്ട്രീയക്കാരന്‍

ജനനം: 1989, പഞ്ച്ഷിര്‍, അഫ്ഗാനിസ്ഥാന്‍

മാതാപിതാക്കള്‍: അഹമ്മദ് ഷാ മസൂദ്, (അഫ്ഗാന്‍ സൈനിക നേതാവ്), സെദിഖാ മസൂദ്

പഠനം: കിംഗ്സ് കോളേജ് ലണ്ടന്‍ സിറ്റി, ലണ്ടന്‍ സര്‍വകലാശാല

Ahmad massoud
അഹമ്മദ് മസൂദ്

അഫ്ഗാന്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്. സോവിയറ്റ് യൂണിയനും താലിബാനും എതിരേ പഞ്ച്ശീര്‍ മേഖലയില്‍ നിന്നുള്ള പ്രതിരോധ ഗ്രൂപ്പുകളെ വിജയകരമായി നയിച്ചതില്‍ പ്രശസ്തനാണ് അഹ്മദ് ഷാ മസൂദ്. 1996 മുതല്‍ 2001 വരെ നീണ്ട അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന്റെപ്രധാന എതിരാളിയായിരുന്നു അഹ്മദ് ഷാ മസൂദ്. 2001 സെപ്റ്റംബറില്‍, തന്റെ 48ാം വയസ്സില്‍, കൊല്ലപ്പെടുന്നതുവരെ അഹ്മദ് ഷാ മസൂദ് സേനയെ നയിച്ചു.

അമേരിക്ക തങ്ങളുടെ സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെ താലിബാനെ വെല്ലുവിളിച്ച് തന്റെ പിതാവ് ബാക്കിവെച്ചുപോയ ജോലി താന്‍ തുടരുമെന്ന് അഹ്മദ് മസൂദ് പ്രതിജ്ഞയെടുക്കുന്നതോടുകൂടിയാണ് പഞ്ച്ശീര്‍ വീണ്ടും ചെറുത്തുനില്‍പിനായി ആയുധമെടുക്കുന്നത്.

'എന്റെ പിതാവിന്റെ പാത പിന്തുടരാന്‍ ഞാന്‍ സജ്ജനായിരിക്കുന്നു... ഈ ദിവസം വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു... പിതാവിന്റെ കാലം മുതല്‍ ഞങ്ങള്‍ ക്ഷമയോടെ ശേഖരിച്ച ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വലിയ ശേഖരം ഞങ്ങളുടെ പക്കലുണ്ട്...', താലിബാന്‍ ഭീകരര്‍ക്കെതിരെ ചെറുത്തുനില്‍ക്കുമെന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പില്‍ മസൂദ് എഴുതി.

പ്രതിരോധം എന്തിന്?

താലിബാനുമായി സമാധാനചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അഫ്ഗാനിസ്താനില്‍ ആഭ്യന്തരയുദ്ധം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഹമ്മദ് മസൂദ് പറഞ്ഞു. ശരിക്കും എന്തായിരുന്നു മസൂദിന് വേണ്ടത്?

അഫ്ഗാനിസ്താന്‍ വംശീയ ന്യൂനപക്ഷങ്ങള്‍ ചേര്‍ന്ന ഒരു രാജ്യമാണ്. ആരും അവിടെ ഭൂരിപക്ഷമല്ല. രാജ്യത്തെ വിവിധ വംശീയ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് അധികാരം പങ്കിട്ടുകൊണ്ട് അഫ്ഗാനിസ്താനില്‍ ഒരു വികേന്ദ്രീകൃതമായ ഭരണരീതിയിലേക്ക് നീങ്ങാനാണ് തങ്ങള്‍ക്ക് ആഗ്രഹമെന്ന് എന്‍ആര്‍എഫ് നേരത്തെ പറഞ്ഞിരുന്നു. താലിബാനില്‍ നിന്ന് സ്വതന്ത്രമായി നില്‍ക്കുന്ന ഒരു പ്രവിശ്യയായി നിലകൊള്ളാനായിരുന്നു പഞ്ച്ശീര്‍ ജനത ആഗ്രഹിച്ചത്. സോവിയറ്റ് അധിനിവേശ കാലത്തും 96ലെ താലിബാന്‍ ഭരണകാലത്തും അത് അങ്ങനെ തന്നെയായിരുന്നു. 

അഫ്ഗാനിസ്താനില്‍ ആഭ്യന്തരയുദ്ധം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും  താലിബാനുമായി സമാധാന ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അഹമ്മദ് മസൂദ് പറഞ്ഞെങ്കിലും ആവശ്യമെങ്കില്‍ താലിബാനെതിരെ പോരാടാന്‍ തന്റെ സൈന്യം തയ്യാറാണെന്നും മസൂദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫ്രാന്‍സിനോടും അമേരിക്കയോടും യൂറോപ്പിന്റെ മറ്റ് രാജ്യങ്ങളോടും അറബ് ലോകത്തോടും മസൂദ് തങ്ങളുടെ പ്രതിരോധത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവരുടെ ഭാഗത്ത് നിന്നും പ്രത്യക്ഷത്തില്‍ ഒരു സഹായവും പ്രതിരോധസേനയ്ക്ക് ലഭിച്ചിരുന്നില്ല. നിലവില്‍ താജികിസ്താന്റെ പിന്തുണ മാത്രമാണ് മസൂദിനും സംഘത്തിനുമുള്ളത്.

അമറുള്ള സാലെ

അഷ്‌റഫ് ഗനി രാജ്യം വിട്ടതിന് ശേഷം താലിബാന്‍ അംഗീകരിക്കാത്ത അഫ്ഗാനിസ്താന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ ഉദ്ധരിച്ച് അമറുള്ള സാലെ 2021 ഓഗസ്റ്റ് 17 -ന് രാജ്യത്തിന്റെ ആക്ടിങ് പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. കാബൂള്‍ താലിബാന്‍ ഏറ്റെടുത്തപ്പോള്‍ രാജ്യത്തെ 34 പ്രവിശ്യകളില്‍ താലിബാന്‍ നിയന്ത്രണത്തിലല്ലാതെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ശീറില്‍ അഹമ്മദി മസൂദിന്റെ താലിബാന്‍ വിരുദ്ധ സേനയോടൊപ്പം അണിനിരന്ന് ദേശീയ പ്രതിരോധ സേനയ്ക്ക് രൂപംകൊടുത്ത നേതാവാണ് അമറുള്ള സാലെ.

Amrullah Saleh
അമറുള്ള സാലെ

1972 ഒക്ടോബറില്‍ പഞ്ച്ശീറില്‍ താജിക് കുടുംബത്തില്‍ ജനിച്ച അമറുള്ള സാലെ ചെറുപ്പത്തില്‍ തന്നെ അനാഥനായിരുന്നു. വ്യക്തിപരമായി തന്നെ താലിബാനില്‍ നിന്ന് നഷ്ടങ്ങള്‍ നേരിട്ട വ്യക്തിയാണ് അമറുള്ള സാലെ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1996ല്‍ സാലെയുടെ സഹോദരിയെ താലിബാന്‍ ഭീകരര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം താലിബാനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എന്നെന്നേക്കുമായി മാറിയെന്ന് ടൈം മാഗസിന്‍ എഡിറ്റോറിയലില്‍ സാലെ എഴുതിയിച്ചുണ്ട്.

താലിബാനെ കീഴടക്കാന്‍ അദ്ദേഹം തന്റെ നേതാവായ അഹമ്മദ് ഷാ മസൂദിനൊപ്പം വടക്കന്‍ സഖ്യത്തിന്റെ ഭാഗമായും പോരാടിയിട്ടുണ്ട് അമറുള്ള സാലെ. താലിബാനെതിരെ അമേരിക്കന്‍ ചാരസംഘടനയായ സിെഎഎയുടെ ചാരനായും അമറുള്ള പ്രവര്‍ത്തിച്ചിരുന്നു. 2010ലാണ് ഇവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2014ല്‍ ആദ്യ ഗനി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. 2019ല്‍ രണ്ടാം ഗനി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റു. 

കാബൂള്‍ താലിബാന്‍ പിടിച്ചടക്കുമെന്നുറപ്പായതിനേത്തുടർന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി രണ്ടു പെട്ടി പണവുമായി രാജ്യം വിട്ടപ്പോള്‍ ഒരു ഭീരുവിനെപ്പോലെ തന്റെ ജന്മനാട്ടില്‍ നിന്നും ഓടിയൊളിക്കാന്‍ താന്‍ തയ്യാറല്ലെന്നും മരണം വരെ പോരാടുമെന്നും അമറുള്ള സാലെ പ്രഖ്യാപിച്ചിരുന്നു. 

നിലവില്‍ പഞ്ച്ശീറിന്റെ ഉരുക്കുകോട്ട ഭേദിച്ച് പാകിസ്താന്റെ സഹായത്തോടെ താലിബാന്‍ ഭീകരര്‍ മുന്നേറുമ്പോഴും അമറുള്ള സാലെ രഹസ്യ താവളത്തിലിരുന്നുകൊണ്ട് അഹമ്മദ് മസൂദിനൊപ്പം യുദ്ധം നിയന്ത്രിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

പാകിസ്താന്റെ ഇടപെടല്‍ 

അഫ്ഗാനിസ്താനിലെ ബാക്കി 33 പ്രവിശ്യകള്‍ വളരെ അനായാസമായി താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ പഞ്ച്ശീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ താലിബാന്റെ നൂറുകണക്കിന് ഭീകരരാണ് മരിച്ചുവീണത്. ആയിരക്കണക്കിന് പേരെ പ്രതിരോധസേന ബന്ദികളാക്കി. രാജ്യത്ത് സര്‍ക്കാരുണ്ടാക്കാന്‍ പോകുന്ന താലിബാന് ഇത് വലിയ തലവേദനയുണ്ടാക്കിയിരുന്നു.

nrf

രണ്ടു ദിവസം മുന്‍പും 600ഓളം ഭീകരരെ വധിച്ചതായും ആയിരത്തോളം പേരെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബന്ദികളാക്കിയവരില്‍ പലരെയും പാകിസ്താന്‍ അയച്ചതാണെന്ന തരത്തിലുള്ള വീഡിയോകളും പ്രതിരോധസേന പുറത്തുവിട്ടിരുന്നു. 

പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ കാബൂളില്‍ ഇരുന്ന് പാഞ്ച്ശീറിനെതിരെ ആക്രമണം ആസൂത്രണം ചെയ്യുകയാണെന്നും പ്രതിരോധസേന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ സഹായത്തൊടെയാണ് താലിബാന്‍ പഞ്ച്ശീര്‍ പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പാകിസ്താന്‍ വ്യോമസേന പഞ്ച്ശീറില്‍ വ്യോമാക്രമണം നടത്തിയതായും ആരോപണമുണ്ട്. ഇതിന് പ്രത്യുപകാരമായി അഫ്ഗാനിസ്താനിലെ തന്ത്രപ്രധാനമായ വ്യോമത്താവളങ്ങള്‍ പാകിസ്താന് കൈമാറിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാണ്ഡഹാറുള്‍പ്പടെയുള്ള വിമാനത്താവളങ്ങളില്‍ പാകിസ്താന്‍ സൈന്യം സുരക്ഷാപരിശോധനകള്‍ നടത്തിയതായാണ് വിവരം. എന്തായാലും ഇത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. വരുംദിവസങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ക്കും ഇത് വഴിവെക്കും.

അഹമ്മദ് മസൂദിന്റെയും അമറുള്ള സാലെയുടെയും ഭാവി

അഹമ്മദ് മസൂദിന്റെ പിതാവ് അഹമ്മദ് ഷാ മസൂദ് കൊല്ലപ്പെട്ട് 20 വര്‍ഷങ്ങള്‍ തികയുന്ന സെപ്റ്റംപറില്‍ തന്നെയാണ് ഒരിക്കലും തകരില്ലെന്ന് വിശ്വസിച്ച പഞ്ച്ശീര്‍ കോട്ട തകരുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. പഞ്ച്ശീറിലെ പ്രധാന മേഖലകള്‍ പിടിച്ചെടുത്ത താലിബാന്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് കരുതാനാകില്ല.  പിടിയിലായാല്‍ താലിബാന്‍ അഹമ്മദ് മസൂദിനോടും അമറുള്ള സാലെയോടും യാതൊരു കരുണയും കാണിക്കില്ലെന്നുറപ്പാണ്. ഇനി എത്രനാള്‍ ഇവര്‍ നയിക്കുന്ന ദേശീയ പ്രതിരോധസേനയ്ക്ക് പിടിച്ചുനില്‍ക്കാനാകുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്.

Content Highlights: As panjshir falls it marks the end of a historic resistance