യാങോണ്‍: അര നൂറ്റാണ്ടിലധികം പട്ടാള ഭരണത്തിന്റെ കീഴില്‍ ശ്വാസം മുട്ടിയ മ്യാന്‍മര്‍ ജനാധിപത്യത്തിന്റെ വഴി തുറന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫലം പുറത്തുവരുമ്പോള്‍ പ്രശസ്ഥ മനുഷ്യാവകാശ പ്രവര്‍ത്തകയായ ആങ് സാന്‍ സുചിക്ക് മികച്ച ലീഡ്. പ്രതിപക്ഷമായ സുചിയുടെ പാര്‍ട്ടി നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി റിസല്‍ട്ട് പുറത്തു വന്ന 16 സീറ്റുകളില്‍ 15ഉം തൂത്തുവാരി. 

ഫലം മുഴുവന്‍ പുറത്തു വന്നു കഴിയുമ്പോള്‍ സുചിയുടെ പാര്‍ട്ടി 70 ശതമാനം സീറ്റിലും വിജയിക്കുമെന്ന് വിലയിരുത്തപ്പെടുന്നത്. പക്ഷെ മ്യാന്‍മറിലെ കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഈ വിജയത്തിനും പാര്‍ട്ടിയെ അധികാരത്തിലേറ്റാന്‍ സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല. സുചിയുടെ പാര്‍ട്ടിയായ എന്‍.എല്‍.ഡിക്ക് എതിരാളികളായ യു.എസ്.ഡി.പിക്ക് മുകളില്‍ മേല്‍ക്കോയ്മ നേടണമെങ്കില്‍ 67 ശതമാനം സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്. 

മുമ്പ് ഒരു തവണ എന്‍.എല്‍.ഡി വന്‍ ഭൂരിപക്ഷം നേടിയിരുന്നെങ്കിലും അന്ന് പട്ടാളം ഭരണം ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം 2010ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിന്ന് എന്‍.എല്‍.ഡി വിട്ടുനില്‍ക്കുകയും ചെയ്തു. ഇത്തവണ ജയിച്ചാല്‍ അധികാരം കൈമാറാം എന്ന് പട്ടാള ഭരണകൂടം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് എന്‍.എല്‍.ഡി മത്സരിക്കാന്‍ തയ്യാറായിരിക്കുന്നത്. സൂചിയുടെ പാര്‍ട്ടി വന്‍ഭൂരപക്ഷത്തില്‍ വിജയം നേടി രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുമെന്ന് മ്യാന്‍മര്‍ ജനതയും പ്രത്യാശിക്കുന്നു. 91 വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് 6000 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 

മൂന്നു കോടിയോളം പേര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. അധോസഭയില്‍ 323ഉം ഉന്നത സഭയില്‍ 168ഉം സീറ്റുകളിലേക്കാണ് മത്സരം. സൂചിക്കും തൈന്‍ സൈനും പുറമെ ഷ്വ മന്‍, മിന്‍ ഓങ് ഹ്ലൈങ് എന്നിവരാണ് പ്രധാന തസ്തിക ലക്ഷ്യം വെക്കുന്നവര്‍.