ജിദ്ദ: യമനിലെ ഹൂദി വിമതര്‍ സൗദിയുടെ തെക്കന്‍ അതിര്‍ത്തി നഗരങ്ങളായ നജ്‌റാന്‍, ജീസാന്‍ എന്നിവടങ്ങളില്‍ നടത്തിയ ഷെല്ലാക്രമണങ്ങളില്‍  രണ്ടു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. നജ്‌റാന്‍ പ്രദേശത്തിന് നേരെ ഷെല്ലാക്രമണം തിങ്കളാഴ്ചയും തുടര്‍ന്നു. കഴിഞ്ഞദിവസം പാകിസ്താന്‍  പൗരനായ ഒരാള്‍ കൊല്ലപ്പെട്ടു.  

ഇത് തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഹൂദി കലാപകാരികള്‍ നജറാനിലേയ്ക്കു മൊര്‍ട്ടാരും റോക്കറ്റുകളും തൊടുത്തു വിടുന്നത്. ഒരു സൗദി കുട്ടിക്കും വിവധ നാട്ടുകാരായ മൂന്നു  പേര്‍ക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച കാലത്താണ് ആക്രമണം ഉണ്ടായത്.  

തിങ്കളാഴ്ച തന്നെ യമന്‍ അതിര്‍ത്തി നഗരമായ ജീസാനിലും ഹൂദി ഷെല്ലുകള്‍ പതിഞ്ഞു. ഇതില്‍ ഒരു സ്വദേശിയാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേര്‍ വിവിധ രാജ്യക്കാരായ തൊഴിലാളികളാണ്.