പഞ്ച്ശീര്‍: അഫ്ഗാനിസ്താനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ പഞ്ച്ശീറില്‍ 600ലധികം താലിബാന്‍ തീവ്രവാദികളെ വധിച്ചതായി പ്രതിരോധ സേന. റഷ്യയുടെ സ്പുട്നിക് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

1000ത്തിലധികം താലിബാന്‍ തീവ്രവാദികള്‍ പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്തതായും പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ട്വീറ്റ് ചെയ്തു. മറ്റ് അഫ്ഗാന്‍ പ്രവിശ്യകളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ താലിബാന് തടസങ്ങളുണ്ടെന്നും വക്താവ് പറഞ്ഞു. അതിനിടെ, പ്രദേശത്ത് കുഴിബോംബുകള്‍ ഉള്ളതിനാല്‍ പാഞ്ച്ശിര്‍ പ്രതിരോധ സേനയ്‌ക്കെതിരായ താലിബാന്‍ ആക്രമണത്തിന്റെ വേഗത കുറഞ്ഞിരിക്കുകയാണ്.

പഞ്ച്ശീറില്‍ യുദ്ധം തുടരുകയാണെന്നും എന്നാല്‍ തലസ്ഥാനമായ ബസാറാക്കിലേക്കും പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ടിലേക്കുമുള്ള റോഡുകളില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ മുന്നേറ്റം മന്ദഗതിയിലായെന്നും താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

കൊല്ലപ്പെട്ട മുന്‍ അഫ്ഗാന്‍ ഗറില്ലാ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെയും മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സലെയുടെയും നേതൃത്വത്തിലുള്ള നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് പഞ്ച്ശീര്‍. രാജ്യം പിടിച്ചെടുത്തിട്ടും ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനാകാത്തത്  താലിബാന് വന്‍ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ കഠിനമാണെന്നും തങ്ങള്‍ കടുത്ത ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സലെ നേരത്തെ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. പ്രതിരോധം തുടരുകയാണെന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content highlights: Around 600 talibanis killed in panjshir says afghan defence forces