വാഷിങ്ടണ്‍: കാപ്പിറ്റോളില്‍ അതിക്രമിച്ച് കയറിയ ട്രംപനുകൂലികള്‍ നാസി തുല്യരാണെന്ന് അര്‍ണോള്‍ഡ് ഷ്വാര്‍സനെഗര്‍. ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ട തലവനാണെന്നും ഏറ്റവും നികൃഷ്ടനായ പ്രസിഡന്റായി ചരിത്രത്തില്‍ ട്രംപ് തരംതാഴ്ത്തപ്പെടുമെന്നും നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ ഷ്വാര്‍സനഗര്‍ കൂട്ടിച്ചേര്‍ത്തു.
ജര്‍മനിയിലും ഓസ്ട്രിയയിലും അരങ്ങേറിയ 'നൈറ്റ് ഓഫ് ബ്രോക്കണ്‍ ഗ്ലാസ്സാ'ണ് യു.എസിലും ഉണ്ടായതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ഷ്വാര്‍സനഗര്‍ അഭിപ്രായപ്പെട്ടു. 1938-ലെ നൈറ്റ് ഓഫ് ബ്രോക്കണ്‍ ഗ്ലാസ് സംഭവത്തില്‍ ജൂതഭവനങ്ങളും വിദ്യാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും നാസികള്‍ തകര്‍ത്തിരുന്നു.
'കാപ്പിറ്റോളിന്റെ ജനാലചില്ലുകള്‍ മാത്രമല്ല നാം യാഥാര്‍ഥ്യമാണെന്ന് ധരിച്ചിരുന്ന തത്വങ്ങളും നമ്മുടെ രാജ്യം കെട്ടിപ്പടുക്കാന്‍ അടിസ്ഥാനമാക്കിയ ആശയങ്ങളും കലാപകാരികള്‍ തകര്‍ത്തു' - ഷ്വാര്‍സനെഗര്‍ വിമര്‍ശിച്ചു. നീതിയുക്തമായി നടന്ന ഒരു തിരഞ്ഞെടുപ്പിന്റെ ഫലം അട്ടി മറിക്കാനും തനിക്കനുകൂലമാക്കാനും ജനങ്ങളെ നുണകള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും ട്രംപ് ശ്രമിച്ചതായി ഷ്വാര്‍സനെഗര്‍ വീഡിയോയില്‍ കുറ്റപ്പെടുത്തി.
പരാജയപ്പെട്ട നേതാവാണ് ട്രംപെന്നും ട്രംപിന്റെ പ്രസിഡന്റ് കാലം അവസാനിച്ചതായും പഴയൊരു ട്വീറ്റ് പോലെ ട്രംപ് അപ്രസക്തനാകുമെന്നും താരം പറഞ്ഞു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തതിനൊപ്പം പുതിയ പ്രസിഡന്റായ ജോ ബൈഡന് എല്ലാ പിന്തുണയും നല്‍കുമെന്നും ഷ്വാര്‍സനെഗര്‍ അറിയിച്ചു.
My message to my fellow Americans and friends around the world following this week's attack on the Capitol. pic.twitter.com/blOy35LWJ5
— Arnold (@Schwarzenegger) January 10, 2021
Content Highlights: Arnold Schwarzenegger compares US Capitol mob to Nazis, says Donald Trump is ‘worst president ever’