വാഷിങ്ടണ്‍: 1971 ഫിബ്രവരി അഞ്ചിന് നടന്ന ലൂണാര്‍ ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി എഡ്ഗര്‍ മിച്ചേല്‍ (85) അന്തരിച്ചു. ശനിയാഴ്ച ഫ്‌ളോറിഡയിലായിരുന്നു അന്ത്യം. എഡ്ഗര്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 45-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
അപ്പോളോ 14 ദൗത്യത്തിന്റെ തലവന്‍ അലന്‍ ഷെപ്പേര്‍ഡിനൊപ്പമാണ് എഡ്ഗര്‍ ചന്ദ്രന്റെ ഫ്രാമൗറോ ഉപരിതലത്തില്‍ ചെന്നിറങ്ങിയത്. അലന്‍ ഷെപ്പേര്‍ഡാണ് ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ അമേരിക്കക്കാരന്‍.ചന്ദ്രന്റെ ഉപരിതലത്തില്‍ ശാസ്ത്രീയ ഉപകരണങ്ങള്‍ ഘടിപ്പിക്കുക അവിടെ നിന്നുളള ആശയവിനിമത്തെ കുറിച്ച് പഠിക്കുക ചന്ദ്രന്റെ ഉപരിതല ചിത്രങ്ങള്‍ എടുക്കുക തുടങ്ങിയവയായിരുന്നു ഷെ്‌പ്പേര്‍ഡും എഡ്ഗറും ചേര്‍ന്ന് നടത്തിയ ചാന്ദ്ര ദൗത്യത്തിന്റെ ഉദ്ദേശങ്ങള്‍.
ചാന്ദ്രോപരിതലത്തില്‍ ഏറ്റവും ദൂരം സഞ്ചരിച്ചു, ചന്ദ്രനില്‍ കൂടുതല്‍ സമയം ചിലവഴിച്ചു എന്നീ റെക്കോര്‍ഡും ഈ ദൗത്യത്തിലൂടെ എഡ്ഗറും മിഷേലും സ്വന്തമാക്കിയിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യമായി കളര്‍ ടിവിയില്‍ വിവരങ്ങള്‍ അയച്ചെന്ന പ്രത്യേകതയും ഇവരുടെ യാത്രയ്ക്കുണ്ടായിരുന്നു.ഈ ദൗത്യത്തിന്റെ ഭാഗമായി മിഷേല്‍ കൊണ്ടുവന്ന 94 പൗണ്ട് പാറക്കഷ്ണങ്ങളും മണ്ണിന്റെ സാമ്പിളുകളും യു.എസ്സിലെ 187 ശാസ്ത്ര സംഘത്തിനും മറ്റ് 14 രാജ്യങ്ങളിലെ ശാസ്ത്ര സംഘത്തിനും പഠനത്തിനായി നല്‍കി.
നാസ, യു.എസ്സ് നേവി എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്ന മിഷേല്‍ 'ദി വേ ഓഫ് ദി എക്‌സപ്ലോറര്‍' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.