ബാങ്കോക്ക്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പാകിസ്താനോട് മാത്രമെന്ന്  ഇന്ത്യ. പാകിസ്താനോ ഇന്ത്യയോ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്. 

കശ്മീര്‍ വിഷയത്തില്‍, ചര്‍ച്ച അത്യന്താപേഷിതമാണെങ്കില്‍ അത് പാകിസ്താനുമായി മാത്രമായിരിക്കും. അത് ഉഭയകക്ഷി ചര്‍ച്ചയുമായിരിക്കും- വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ട്വിറ്ററില്‍ വ്യക്തമാക്കി. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് അമേരിക്കയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ ട്വിറ്ററില്‍ പറഞ്ഞു. 

വെള്ളിയാഴ്ച ബാങ്കോക്കിലാണ് ജയശങ്കര്‍- പോംപിയോ കൂടിക്കാഴ്ച നടന്നത്. ആസിയാന്‍-ഇന്ത്യ മിനിസ്റ്റീരിയല്‍ ചര്‍ച്ച ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് ജയശങ്കര്‍ ബാങ്കോക്കിലെത്തിയത്. 

കശ്മീര്‍ വിഷയം പരിഹരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഇന്ത്യയും പാകിസ്താനുമാണെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്നായിരുന്നു വ്യാഴാഴ്ച ട്രംപ് നടത്തിയ പരാമര്‍ശം.

content highlights: India clears stand on kashmir issue, trump expresses willingness to mediate kashmir issue