.jpg?$p=020b79a&f=16x10&w=856&q=0.8)
പാരിസിലെ റഷ്യൻ എംബസിക്ക് മുന്നിലെ പ്രതിഷേധം | Photo: AFP
മോസ്കോ: യുക്രൈനില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. യുക്രൈനെ ആക്രമിക്കാനുള്ള റഷ്യന്‍ തീരുമാനത്തിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടികളും ആരംഭിച്ചു. അയല്‍രാജ്യത്തെ ആക്രമിക്കുന്നതിനെതിരെ റഷ്യയിലും പ്രതിഷേധം ശക്തമാകുകയാണ്. മോസ്കോയിലും സെയിന്റ് പീറ്റേഴ്സ്ബര്‍ഗിലും തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു.
നേരത്തെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച യുദ്ധം ആരംഭിച്ച ദിവസവും വെള്ളിയാഴ്ചയും തെരുവില്‍ പ്രക്ഷോഭം നടന്നിരുന്നു. ശനിയാഴ്ച മാത്രം 34 റഷ്യന്‍ നഗരങ്ങളില്‍ നിന്നായി 460 പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ മോസ്കോയില്‍ നിന്ന് മാത്രം 200 പേരെയാണ് പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.
ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള തുറന്ന കത്തുകളും നിരവധിയായി പ്രചരിക്കുന്നുണ്ട്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, ആര്‍കിടെക്റ്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ യുദ്ധത്തിനെതിരെ രംഗത്തുവന്നു.
മോസ്കോയിലെ ആര്‍ട് മ്യൂസിയമായ ഗ്യാരേജ് തങ്ങളുടെ പ്രവര്‍ത്തനം ശനിയാഴ്ച ഉച്ചമുതല്‍ നിര്‍ത്തിവെച്ചു. യുദ്ധം അവസാനിക്കുന്നതുവരെ ഇത് തുടരുമെന്നും തങ്ങള്‍ വിശാലലോകത്തിലെ യുദ്ധവിരുദ്ധ ചേരിയിലുള്ളവരാണെന്നും സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുക്രൈനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഓണ്‍ലൈന്‍ ഹര്‍ജിയില്‍ ഇതുവരെ 7,80,000 (7.80 ലക്ഷം) പേരാണ് ഒപ്പിട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..