കാബൂള്‍: പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ വക്താവായ ഫഹിം ദഷ്ടിയാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ജാമിയത്ത്-ഇ-ഇസ്ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫഹിം ദഷ്ടി.

കാബൂളിന് ഏകദേശം 145 കിലോമീറ്റര്‍ വടക്ക് ഹിന്ദു കുഷ് മലനിരകളിലാണ് പഞ്ച്ശീര്‍ താഴ്വര. സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തെങ്കിലും താലിബാന് പഞ്ച്ശീര്‍ താഴ്വരയില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കടുത്ത പ്രരോധമാണ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന ഈ പ്രദേശത്ത് നടത്തിവരുന്നത്. 

വെള്ളിയാഴ്ച രാത്രി പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ സേനയ്ക്ക് അവരുടെ വക്താവിനെ നഷ്ടമായിരിക്കുന്നത്. താഴ്വര ഉടന്‍ താലിബാന്‍ പിടിച്ചെടുക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, പ്രതിരോധ സേന ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തുവന്നു.

പഞ്ച്ശീര്‍ പ്രവിശ്യയില്‍ നിന്ന് താലിബാന്‍ പിന്തിരിഞ്ഞാല്‍ യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ ആരംഭിക്കാനും തയ്യാറാണെന്ന് പ്രതിരോധ സേനയുടെ നേതാവ് അഹ്മദ് മസൂദ് ഞായറാഴ്ച പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ എജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു.