ആന്‍റണി അൽബനീസ്: ദൃഢനിശ്ചയത്തോടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പദത്തിലേക്ക്


രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന കെവിന്‍ റൂഡിന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാരില്‍ 2013 ല്‍ അൽബനീസ് ആക്ടിംഗ് പ്രധാനമന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആന്റണി അൽബനീസ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

ലിബറല്‍ പാര്‍ട്ടിയുടെ ഒരു ദശകത്തോളം നീണ്ട ഭരണത്തിന് അവസാനംകുറിച്ച്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പദത്തിലക്കേ് ലേബര്‍ പാര്‍ട്ടി നേതാവ് ആന്റണി നോര്‍മാന്‍ അല്‍ബനീസ് നടന്നുകയറുന്നത് ഏറെ പാതകള്‍ താണ്ടിയാണ്. 2019 മുതല്‍ പ്രതിപക്ഷ നേതാവായിരുന്ന അല്‍ബാനീസ് പാര്‍ട്ടിയുടെ ഇടത് വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്നാണ്. 1996 മുതല്‍ പാര്‍ലമെന്റ് അംഗമായ അല്‍ബനീസ് 2013-ല്‍ ഉപപ്രധാനമന്ത്രിയുമായിരുന്നു. 59-കാരനായ അല്‍ബനീസിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇത് ആദ്യ ഘട്ടമല്ല. രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന കെവിന്‍ റൂഡിന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാരില്‍ 2013 ല്‍ അദ്ദേഹം ആക്ടിംഗ് പ്രധാനമന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അടുത്തിടെയുണ്ടായ കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം ഓസ്ട്രേലിയന്‍ വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു. കാട്ടുതീ സമയത്ത്, തീപിടുത്തങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രധാനമന്ത്രി മോറിസണ്‍ ഹവായിയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നുവെന്ന വിമര്‍ശനം രാജ്യത്ത് പരക്കെയുണ്ടായിരുന്നു. കൂടുതല്‍ അഭിലഷണീയമായ കാലാവസ്ഥാ വ്യതിയാന പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അല്‍ബനീസിന്റെ നേതൃത്വത്തില്‍ പ്രചാരണം നടന്നത്. കൂടാതെ ഓസ്ട്രേലിയയുടെ വയോജന സംരക്ഷണ മേഖല മെച്ചപ്പെടുത്താനും ചെലവുകുറഞ്ഞ ശിശുപരിപാലനം നല്‍കാനും ലിംഗ വേതന വ്യത്യാസം കുറയ്ക്കാനും മുന്നിലുണ്ടാവുമെന്ന് ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തു. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നുതന്നെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

ദുരിതങ്ങളുടെ കുട്ടിക്കാലം

അമ്മ മാത്രമുള്ള കുടുംബത്തിലാണ് 'ആല്‍ബോ' എന്ന വിളിപ്പേരുള്ള ആന്റണി അല്‍ബനീസ് വളര്‍ന്നത്. ഐറിഷ്-ഓസ്ട്രേലിയന്‍ വംശജയായിരുന്നു അമ്മ. 1963-ല്‍ സിഡ്നിയിലാണ് അല്‍ബനീസ് ജനിച്ചത്. കുട്ടിക്കാലം മുഴുവന്‍ സാമ്പത്തിക അനിശ്ചിതത്വത്തിലായിരുന്നു. ഇറ്റലിക്കാരനായ പിതാവിന്റെ സഹായമില്ലാതെയായിരുന്നു ജീവിതം. അമ്മയുടെ വികലാംഗ പെന്‍ഷനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. സിഡ്‌നിയുടെ പ്രാന്തപ്രദേശങ്ങളിലെ പൊതു ഭവനങ്ങളിലാണ് അല്‍ബനീസ് പിന്നീട് വളര്‍ന്നത്. സര്‍വ്വകലാശാല എന്നതിലുപരി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ, കുടുംബത്തിലെ ആദ്യത്തെ വ്യക്തിയായിരുന്നു ആല്‍ബോ.

പ്രധാനമന്ത്രി പദം ലക്ഷ്യം


സ്‌കൂള്‍ പഠനത്തിനുശേഷം സെന്റ് മേരീസ് കത്തീഡ്രല്‍ കോളേജിലാണ് ആല്‍ബോ പഠനത്തിനായി ചേര്‍ന്നത്. പ്രധാനമന്ത്രിയാകാനുള്ള ആജീവനാന്ത അഭിലാഷത്തോടെയായിരുന്നു സാമ്പത്തിക ശാസ്ത്രം പഠിക്കാന്‍ അല്‍ബനീസ് സിഡ്നി സര്‍വകലാശാലയില്‍ എത്തിയത്. അവിടെവെച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായ അദ്ദേഹം 22-ാം വയസ്സില്‍ പാര്‍ട്ടിയുടെ യുവജന വിഭാഗമായ യംഗ് ലേബറിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് പാര്‍ട്ടി ഉദ്യോഗസ്ഥനായും ഗവേഷണ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചു. അല്‍ബനീസ് വളര്‍ന്ന പ്രദേശമായ ഗ്രെയ്ന്‍ഡ്ലറിന്റെ പ്രതിനിധിയായി 1996ലാണ് ഫെഡറല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷമുള്ള 26 വര്‍ഷങ്ങളില്‍ കൂടുതലും പ്രതിപക്ഷത്തായിരുന്നു അദ്ദേഹം. ആറ് വര്‍ഷം മാത്രമാണ് ഭരണപക്ഷത്ത് ചെലവഴിച്ചത്.

വില്ലനായി കാര്‍ അപകടം

2021-ന്റെ തുടക്കത്തിലുണ്ടായ ഒരു കാര്‍ അപകടത്തില്‍ നിന്ന് വെല്ലുവിളികളെ അതിജീവിച്ചാണ് അല്‍ബനീസ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മരണത്തോടടുത്ത അനുഭവം തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി അദ്ദേഹം പിന്നീട് പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. തന്റെ പരിക്കുകളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത അദ്ദേഹം വളരെ പെട്ടന്നുതന്നെ തിരിച്ച് രാഷ്ട്രീയ ലോകത്തിലേക്ക് പ്രവേശിച്ചു.

അല്‍ബനീസും ഇന്ത്യയും

പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ക്വാഡ് ഗ്രൂപ്പിന്റെ യോഗത്തിനായി ടോക്കിയോയിലേക്ക് പോകുമെന്ന് അല്‍ബാനീസ് മെയ് 18-ന് തന്നെ പറഞ്ഞിരുന്നു. 2007ല്‍ ആരംഭിച്ച ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യു.എസ്. എന്നിവയുടെ തന്ത്രപരവും സുരക്ഷാവുമായ ഫോറമാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്). സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ആദ്യ പരിഗണനയെന്നും യു.എസ്. പ്രസിഡന്റ് ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായുള്ള കൂടിക്കാഴ്ച വരും ദിനങ്ങളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: anthony albanese, australian election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022

Most Commented