ആൻഡ്രൂ ടേറ്റ്, ഗ്രെറ്റ ത്യുൻബെ. photo: Cobratate/AP
ബുക്കാറെസ്റ്റ്: റൊമാനിയയില്‍ അറസ്റ്റിലായ വിവാദ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും മുന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ കിക്ക് ബോക്സറുമായ ആന്‍ഡ്രൂ ടേറ്റിന്റെ കോടികള്‍ വിലമതിക്കുന്ന കാറുകള്‍ റൊമാനിയന്‍ പോലീസ് പിടിച്ചെടുത്തു. 24 കോടിയോളം രൂപ വിലമതിക്കുന്ന ബുഗാട്ടി ചിരോണ്‍, രണ്ട് ഫെരാറി, പോര്‍ഷെ, റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്ട്ടിന് എന്നിവ ഉള്‍പ്പെടെ ടേറ്റിന്റെ വാഹന ശേഖരത്തിലെ 11 അത്യാഡംബര കാറുകളാണ് പോലീസ് പിടിച്ചെടുത്തത്.
മനുഷ്യക്കടത്ത്, ബലാത്സംഗം, സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള സംഘം രൂപീകരിക്കല്‍ തുടങ്ങിയ കേസുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായതിന് പിന്നാലെയാണ് ടേറ്റിന്റെ വസതിയില്‍ ഉള്‍പ്പെടെ പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയത്. ടേറ്റ് പെണ്‍കുട്ടികളെ വലയിലാക്കി തടവില്‍ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്ത് അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നുവെന്നും പരാതിയുണ്ട്. ടേറ്റിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന് ട്രിസ്റ്റനേയും മറ്റു രണ്ട് റൊമാനിയന്‍ പൗരന്മാരേയും ഇതേ കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പ്രതികളെയും റൊമാനിയന്‍ കോടതി 30 ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു.
നിരവധി കേസുകളില്‍ പ്രതിയാണെങ്കില്‍ ടേറ്റും കൂട്ടാളികളും ഒളിവിലായതിനാല്‍ ഇവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി നേരത്തെ തന്നെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ടേറ്റ്. ദിവസങ്ങള്‍ക്ക് മുമ്പ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്ബെയുമായി ട്വിറ്ററില്‍ കൊമ്പുകേര്ത്തതാണ് അദ്ദേഹത്തിന് വിനയായത്.
തനിക്ക് 33 കാറുകളുണ്ടെന്നും ഇ മെയില്‍ അയച്ചുതന്നാല്‍ കാര്‍ ശേഖരത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അവയുടെ കാര്‍ബണ്‍ എമിഷന്‍ പട്ടികയും അയക്കാം എന്നുമായിരുന്നു ഗ്രെറ്റ ത്യുന്‍ബെയെ പ്രകോപിപ്പിച്ചുകൊണ്ടുള്ള ടേറ്റിന്റെ ട്വീറ്റ്. ആണധികാരം കാണിക്കുന്നവരെ കളിയാക്കുന്ന പദപ്രയോഗത്തോടെ ഗ്രെറ്റ ഇതിനുള്ള മറുപടിയും നല്‍കിയിരുന്നു. ഇതിനുപിന്നാലെ ഗ്രെറ്റയെ പരിഹസിച്ച് ഒരു വീഡിയോ ടേറ്റ് പങ്കുവയ്ക്കുകയും ചെയ്തു. ഈ ട്വീറ്റുകളില്‍ നിന്ന് ടേറ്റിന്റെ കൃത്യമായ ലൊക്കേഷന്‍ മനസിലാക്കിയാണ് റൊമാനിയന്‍ പോലീസ് അദ്ദേഹത്തെ പിടികൂടാന്‍ വലവിരിച്ചതെന്നാണ് വിവരം.
Content Highlights: Andrew Tate's Cars, Including $2.9 Million Bugatti, Seized By Romania After Sex Abuse Charges
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..