ജിപ്തിലെ 'മരിച്ചവരുടെ പട്ടണ'മായ സക്കാറയില്‍ നിന്ന് പുരാവസ്തുഗവേഷകര്‍ ഈ വര്‍ഷം കണ്ടെത്തിയ 59 ശവപേടകങ്ങളില്‍ ഒന്ന് ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നു. ചരിത്രരഹസ്യങ്ങളുടെ കലവറയായാണ് ഈജിപ്തിലെ ശവകല്ലറകള്‍ കണക്കാക്കപ്പെടുന്നത്. കല്ലറകളില്‍ കേടാകാതെ സൂക്ഷിച്ചിരിക്കുന്ന ഫറവോമാരുള്‍പ്പെടെയുള്ള മൃതദേഹങ്ങളും ചരിത്രപരമായി പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നതിനാല്‍ തന്നെ വലിയൊരു സംഘമാളുകളാണ് ശവപേടകം തുറക്കുന്നത് കാണാനെത്തിയത്. 

മരം കൊണ്ട് നിര്‍മിച്ച 59 പേടകങ്ങളാണ് പുരാതനനഗരമായ മെംഫിംസിലെ സക്കാറയില്‍ കണ്ടെത്തിയതെന്ന് ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് വകുപ്പ് അറിയിച്ചു. 2,500 ലധികം കൊല്ലം പഴക്കമുള്ള ഈ പേടകങ്ങൾക്ക് ഇതു വരെ കേടുപാട് സംഭവിച്ചിട്ടില്ലെന്നും പുരോഹിതര്‍, സമൂഹത്തിലെ ഉന്നതര്‍ എന്നിവരുടെ ഭൗതികശരീരമാണ് പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 

പെട്ടി തുറക്കുന്നതിന്റെ വീഡിയോ കാഴ്ചക്കാരില്‍ പലരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. മനോഹരമായി അലങ്കരിച്ച തുണിയുപയോഗിച്ച് പൊതിഞ്ഞിരുന്ന മമ്മിയുടെ വീഡിയോ വന്‍തോതിലാണ് പ്രചാരം നേടിയത്. 

ട്വിറ്ററില്‍ ഈ വീഡിയോ ഒരു കോടിയിലധികം പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ശവപേടകം 2020ല്‍ തുറന്നത് നല്ല കാര്യമല്ല എന്ന് പലരും ഹാസ്യരൂപേണ കമന്റ് ചെയ്തു. മമ്മി അടക്കം ചെയ്ത പെട്ടി തുറക്കുന്നത് മരണവും ദുര്യോഗവും വരുത്തിത്തീര്‍ക്കുമെന്നാണ് പ്രാദേശിക വിശ്വാസം. പെട്ടിക്കുള്ളില്‍ നിന്ന് രോഗാണുക്കള്‍ പുറത്തുവരാനിടയാകുമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ട് മാസം കൂടി കാത്തിരുന്ന ശേഷം ശവപ്പെട്ടി തുറന്നാല്‍ മതിയായിരുന്നുവെന്നും മറ്റൊരാള്‍ കമന്റ്  ചെയ്തു. 

കിണറുകള്‍ പോലുള്ള ശവക്കുഴികളിലാണ് ഈ ശവപേടകങ്ങള്‍ പുരാവസ്തു വകുപ്പ് കണ്ടെത്തിയത്. ഈ പെട്ടികളെല്ലാം ഗിസയിലെ ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് മാറ്റും. 

 

Content Highlights: Ancient Mummy Coffin Sealed 2,500 Years Ago Opened In Egypt Video Viral