കാബൂള്‍: വെടിയേറ്റ് മരിച്ചെന്ന ഊഹാപോഹങ്ങള്‍ തള്ളി മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍. തനിക്ക് വെടിയേറ്റിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും അബ്ദുള്‍ ഗനി ബറാദര്‍ വ്യക്തമാക്കി. ശബ്ദസന്ദേശത്തിലൂടെയായിരുന്നു ബറാദറിന്റെ പ്രതികരണം. താലിബാന്‍ വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്. 

അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടയിലുണ്ടായ ആഭ്യന്തര തര്‍ക്കത്തിനിടെ ബറാദര്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബറാദറിന്റെ ശബ്ദസന്ദേശം താലിബാന്‍ പുറത്തുവിട്ടത്. 

കഴിഞ്ഞ കുറച്ചുദിവസമായി താനൊരു യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കുകയായിരുന്നുവെന്നും ബറാദര്‍ ശബ്ദസന്ദേശത്തിലൂടെ പറഞ്ഞു. മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും താനും തന്റെ അണികളും സുരക്ഷിതരാണെന്നും ബറാദര്‍ വ്യക്തമാക്കി. 

യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി അധികാരം പിടിച്ചെങ്കിലും താലിബാന്‍ നേതാക്കള്‍ക്കിടയിലെ അധികാര തര്‍ക്കങ്ങള്‍ കാരണം പുതിയ സര്‍ക്കാര്‍ രൂപീകരണം ഏറെ വൈകിയിരുന്നു. ഇതിനിടെ അഫ്ഗാന്‍ പാര്‍ലമെന്റ് കൊട്ടാരത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ബറാദറിന് വെടിയേറ്റെന്നായിരുന്നു നേരത്തെ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

content highlights: Amid rumours of his death, Taliban leader Mullah Baradar releases audio message to say he is alive