വാഷിങ്ടണ്‍: ''കൊനാന്‍''- ഐ.എസ്. തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിച്ച അമേരിക്കയുടെ സൈനിക ഓപ്പറേഷനില്‍ പങ്കെടുത്ത ആ നായയുടെ പേര് ഇങ്ങനെയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ട്വിറ്ററിലൂടെ നായയുടെ പേര് വെളിപ്പെടുത്തിയത്. 

സൈനിക ഓപ്പറേഷനില്‍ പങ്കെടുക്കുന്നതിനിടെ നായക്ക് പരിക്കേറ്റെന്ന വാര്‍ത്ത പുറത്തെത്തിയിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. ഓപ്പറേഷനില്‍ പങ്കെടുത്ത സ്‌പെഷല്‍ ഫോഴ്‌സ് യൂണിറ്റിനെ തിരിച്ചറിയാന്‍ കാരണമായേക്കും എന്നതിനാലായിരുന്നു ഇത്. കൊനാനെ അമേരിക്കന്‍ ഹീറോയെന്ന് വിശേഷിപ്പിച്ചു കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തു. 

നിലവില്‍ മിഡില്‍ ഈസ്റ്റിലുള്ള കൊനാന്‍, അടുത്തയാഴ്ച വൈറ്റ് ഹൗസില്‍ എത്തുമെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട നായയാണ് കൊനാന്‍. സിറിയയിലെ ഒളിയിടത്തില്‍ ബാഗ്ദാദിയെ പിന്തുടരുന്നതിനിടെയാണ് കൊനാന് പരിക്കേറ്റത്. 

content highlights: american president donald trump reveals name of dog wounded in abu bakr al-baghdadi raid