വാഷിങ്ടണ്‍: യുഎസില്‍ പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകള്‍ക്ക് ചില സാഹചര്യങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടിയില്‍ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ മക്കാര്‍ത്തി. നിയമത്തിന്‍റെ പേരില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയേയും സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളിനേയും (സി.ഡി.സി) വിമർശിച്ച മക്കാർത്തി, ഇത് ഇന്ത്യയില്‍ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പരിഹസിച്ചു.

ജനപ്രതിനിധിസഭയില്‍ മാസ്‌ക് നിയമം പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ബില്ലിനെതിരെ സംസാരിക്കുമ്പോഴായിരുന്നു കെവിന്‍ മക്കാര്‍ത്തിയുടെ പരാമർശം. സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളിന്റെ (സി.ഡി.സി) ഏറ്റവും പുതിയ ശുപാര്‍ശകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് ഏതാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഒരു ഡോക്ടറുമായി താന്‍ നടത്തിയ സംഭാഷണത്തെക്കുറിച്ച് പരാമര്‍ശിച്ച മക്കാര്‍ത്തി, അമേരിക്കയില്‍ അംഗീകാരമില്ലാത്ത ഒരു വാക്‌സിനേഷനെക്കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള പഠനം അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ടെന്ന് പരിഹസിച്ചു. 'മാസ്‌ക് വെക്കണമെന്ന ഉത്തരവ് ഇന്ത്യയിലെ ഒരു പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതും അമേരിക്കയില്‍ അംഗീകരിക്കപ്പെടാത്ത ഒരു വാക്‌സിന്‍ അടിസ്ഥാനമാക്കിയുള്ളത്. ഇത് നമ്മുടെ സ്‌കൂളുകള്‍ അടച്ചിടാനുള്ള ഒരു പദ്ധതിയായിരിക്കുമോ?' കെവിന്‍ മക്കാര്‍ത്തി ചോദിച്ചു. 

മറ്റൊരു റിപബ്ലിക്കന്‍ നേതാവ് ഡാന്‍ ക്രെന്‍ഷോ കെവിന്‍ മക്കാര്‍ത്തിയുടെ ആരാപണങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം, മക്കാർത്തിയെ 'മണ്ടന്‍' എന്ന് വിമർശിച്ച സ്പീക്കര്‍ നാന്‍സി പെലോസി അദ്ദേഹത്തിനെതിരേ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.

Content Highlights: American congressman slams Us mask rule blaming indian study