ന്യൂയോര്‍ക്ക്: രാജ്യത്ത് അധികമായി വരുന്ന കോവിഡ് പ്രതിരോധ വാക്സിനുകള്‍ 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസായും നല്‍കാന്‍ യു.എസ്. നിലവില്‍ രാജ്യത്ത് 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ കൊടുക്കുന്നില്ല. എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ ഉടന്‍ നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉടന്‍ തന്നെ വാക്സിന്‍ നല്‍കുമെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അടുത്ത് തന്നെ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് പച്ചക്കൊടി നല്‍കിയേക്കുമെന്നും സ്‌കൂളുകള്‍ തുറക്കുന്ന ഓഗസ്റ്റിലോ അതിന് ശേഷമോ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്നും പ്രസിഡന്റിനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഫൈസര്‍ വാക്സിന്റെ 20 കോടി ഡോസുകള്‍ കൂടി യു.എസ്. വാങ്ങി. ഇതില്‍ 11 കോടി ഡോസുകള്‍ ഡിസംബര്‍ 31-ഓടെ രാജ്യത്ത് എത്തും. ബാക്കിയുള്ള ഒന്‍പതു കോടി ഡോസ് വാക്സിനുകളുടെ വിതരണം അടുത്തവര്‍ഷം ഏപ്രില്‍ 30-ഓടെ പൂര്‍ത്തിയാക്കും. നിലവില്‍ 50 കോടി ഡോസ് വാക്സിനുകള്‍ ശേഖരിക്കാനാണ് കമ്പനിയുമായി യു.എസ്. സര്‍ക്കാര്‍ ധാരണയായത്. 

രാജ്യത്ത് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യു.എസ്. സെന്റര്‍ ഫോര്‍ കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനാണ് രാജ്യത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ കുത്തിവെപ്പ് നടത്താന്‍ ലക്ഷ്യമിടുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍, കാന്‍സര്‍ ചികിത്സയിലുള്ളവര്‍, എച്ച്.ഐ.വി- ലൂക്കീമിയ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് കുത്തിവെപ്പ് നടത്താനാണ് ലക്ഷ്യം. 

12 വയസ്സ് മുതലുള്ളവരില്‍ ഫൈസര്‍ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് യു.എസ.് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ എത്രത്തോളം ഗുണകരമാണെന്നുള്ള പഠനങ്ങള്‍ നടക്കുകയാണ്. 5 മുതല്‍ 11 വയസ്സ് വരെയുള്ള പ്രായമുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം സെപ്റ്റംബറോടെയുണ്ടാകും. ഇതിന് ശേഷമായിരിക്കും യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി കമ്പനി തേടുക.

content highlights: america to give vaccine to children by august