വാഷിങ്ടണ്‍: ഡോക് ലാം വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പക്വതയുള്ളതെന്ന് അമേരിക്ക. പക്വതയുള്ള ശക്തിയായാണ് ഇന്ത്യ പെരുമാറുന്നതെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് ജെയിംസ് ആര്‍ ഹോംസ് വിലയിരുത്തി. എന്നാല്‍ ചൈനയുടെ പെരുമാറ്റം പിടിവാശിക്കാരനായ കൗമാരക്കാരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യു എസ് നേവല്‍ വാര്‍ കോളേജിലെ പ്രൊഫസറാണ് ജെയിംസ്.

"ന്യൂഡല്‍ഹി ഇതുവരെ കൈക്കൊണ്ട നിലപാടുകള്‍ ശരിയായിരുന്നു. പ്രശ്‌നത്തില്‍നിന്ന് പിന്‍വാങ്ങുകയോ ബെയ്ജിങ്ങിന്റെ അതേ സ്വരത്തില്‍ മറുപടി നല്‍കി പ്രശ്‌നങ്ങള്‍ വഷളാക്കുകയോ ഇന്ത്യ ചെയ്തിട്ടില്ല". ചൈന കൗമാരക്കാരനായ ദുശ്ശാഠ്യക്കാരനെ പോലെ പെരുമാറുമ്പോള്‍, പക്വതയുള്ള ഒരു ശക്തിയായാണ് ഇന്ത്യയുടെ പെരുമാറ്റം"- അദ്ദേഹം പറഞ്ഞു. 

തങ്ങളുടെ ഏറ്റവും പ്രബലമായ അയല്‍രാജ്യവുമായി ചൈന അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.