വാഷിങ്ടൺ: വരാനിരിക്കുന്ന രണ്ടാഴ്ചക്കാലം അമേരിക്കയെ സംബന്ധിച്ച് വളരെ വേദനാജനകമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന വൈറ്റ് ഹൗസിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
"വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം". വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു.
മൂന്നിലൊന്നു അമേരിക്കക്കാര്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.
"ഒരു മായാജാല വാക്‌സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതിനിർണ്ണയിക്കുക" എന്നാണ് കൊറോണ വൈറസ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡെബോറാഹ് ബിര്‍ക്‌സിന് അമേരിക്കക്കാരോട് പറയാനുള്ളത്.
നിലവിലെ ദുരന്ത ലഘൂകരണ പ്രയത്‌നങ്ങളെല്ലാം പരിഗണിച്ചാലും അമേരിക്കയില്‍ ഒരു ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയില്‍ വരെ ആളുകള്‍ മരിച്ചേക്കാമെന്ന കണക്കുകള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തി.
സൂചിപ്പിച്ച കണക്കുകളിലെ മരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും അതിനുളള പദ്ധതികള്‍ ഫലം കാണുന്നുണ്ടെന്നും പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റി അന്തോണി ഫൗസി അറിയിച്ചു.
content highlights: America headed for Very Painful Two Weeks Amid Coronavirus Pandemic, says Trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..