വാഷിങ്ടണ്‍: ഭീകരരോടും ഭീകരകേന്ദ്രങ്ങളോടുമുള്ള പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐ എസ് ഐ(ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്)യുടെ മൃദുസമീപനത്തിനെതിരെ അമേരിക്ക.

അവശ്യമെങ്കില്‍ പാകിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങുമെന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി.

ഭീകരവാദികള്‍ക്കു സാമ്പത്തികസഹായം ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന (കൗണ്ടറിങ് ദ ഫിനന്‍സിങ് ഓഫ് ടെററിസം) ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആഡം സുബിനാണ് പാകിസ്താനെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചത്. ഭീകരര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ മടി കാണിക്കുന്നത് ഐ എസ് ഐ ആണെന്നും അമേരിക്ക ആരോപിച്ചു.

പോള്‍ എച്ച് നിറ്റ്‌സെ സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡിസില്‍ നടത്തിയ പ്രസംഗത്തിനിടെ ആയിരുന്നു സുബിന്റെ പരാമര്‍ശം. ഭീകരര്‍ക്കെതിരായുള്ള നടപടിയില്‍ ഐ എസ് ഐ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാണിച്ചാണ് അമേരിക്കയുടെ വിമര്‍ശം.

"പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ അമേരിക്ക സന്നദ്ധമാണ്. ഭീകരാക്രമണങ്ങളുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവരാണ് പാകിസ്താനിലെ ജനങ്ങള്‍". ഈ സാഹചര്യത്തില്‍ ഭീകരര്‍ക്ക് തക്കതായ തിരിച്ചടി നല്‍കേണ്ടത് അനിവാര്യമാണെന്നും സുബിന്‍ കൂട്ടിച്ചേര്‍ത്തു.