പുറംലോകവുമായി ബന്ധമില്ലാതെ 26 വര്‍ഷം, പേരില്ല, ഭാഷയില്ല, ചരിത്രമില്ല 'കുഴി മനുഷ്യനും' വിടപറഞ്ഞു


സ്വന്തം ലേഖിക

ഹുനായി പുറത്തുവിട്ട കുഴി മനുഷ്യൻറെ ചിത്രം

സാവോ പോളോ: പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ 26 വര്‍ഷം വനാന്തരങ്ങള്‍ക്കുള്ളിലെ ജീവിതം, ഒടുവില്‍ ഒരു ഗോത്രവിഭാഗത്തിന് തന്നെ അറുതികുറിച്ച് മരണം. ലോകത്തിലെ ഏറ്റവും 'ഏകനായ മനുഷ്യന്‍' മരണത്തിന് കീഴടങ്ങി.

ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 'മാന്‍ ഓഫ് ഹോള്‍' അഥവാ 'കുഴി മനുഷ്യന്‍' എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ ഓഗസ്ത് 23നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ടനാരു നദിയോരത്ത് കെട്ടിയുണ്ടാക്കിയ പുല്‍വീടിന് സമീപത്തെ തൊട്ടിലില്‍ മരിച്ച നിലയില്‍ ബ്രസീലിലെ ഗോത്രവര്‍ഗ സംരക്ഷണ ഏജന്‍സിയായ ഫുനായിയുടെ പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഏകദേശം 60 വയസ്സുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. അസ്വാഭാവിക സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ സ്വാഭാവിക കാരണങ്ങളാലാണ് മരണമെന്ന് കരുതുന്നു. കുഴി മനുഷ്യന്റെ മരണത്തോടെ ആ ഗോത്രവര്‍ഗക്കാരുടെ വംശപരമ്പര തന്നെ ഇല്ലാതായി.

പേരില്ല, ഭാഷയില്ല, ചരിത്രമില്ല

കുഴി മനുഷ്യന്റെ പേരോ ഭാഷയോ ഗോത്രത്തെ കുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ബൊളീവിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ബ്രസീലിയന്‍ സംസ്ഥാനം റോഡ്‌നിയയിലെ ടനാരു പ്രദേശത്താണ് കുഴി മനുഷ്യനേയും കൂട്ടരേയും ആദ്യമായി കണ്ടെത്തുന്നത്. മൃഗങ്ങളോട് പോരാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്ന ഇവര്‍ ഒരുതരത്തിലും പുറംലോകത്തുള്ള മനുഷ്യരുമായി സംവദിക്കാനോ വനത്തിന് പുറത്തേക്കിറങ്ങാനോ കൂട്ടാക്കിയില്ല. ഇത്തരം വിഭാഗങ്ങളുമായി സംവദിക്കുകയോ അവരുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നുകയറുകയോ ചെയ്യുന്നത് ഫുനായിയുടെ നയമല്ല. അതേസമയം ഈ മേഖല ഫുനായി സംരക്ഷിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്തിരുന്നു.

മൃഗങ്ങളെ പിടികൂടാനായി വലിയ കുഴികള്‍ ഇവര്‍ സ്ഥാപിച്ചിരുന്നു. കുഴി മനുഷ്യന്‍ എന്ന പേര് വന്നത് ഇങ്ങനെയാണ്. പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയാത്തതിനാല്‍ പിന്നീട് ലോകം ഇയാളെ കുഴി മനുഷ്യന്‍ എന്ന് വിളിച്ചുതുടങ്ങി.

കൂട്ടാളികള്‍ കൊല്ലപ്പെട്ടു, ഏകനായി കുഴി മനുഷ്യന്‍

1995ലാണ്‌ വനത്തില്‍ അതിക്രമിച്ചുകയറിയ ചിലര്‍ ഇവരുടെ കൂട്ടാളികളെ വെടിവെച്ചുകൊലപ്പെടുത്തിയത്. ഇവരുടെ ഗോത്രത്തില്‍ തന്നെ അവശേഷിച്ചിരുന്ന ആറ് പേര്‍ അന്ന് വെടിയേറ്റ് മരിച്ചതോടെയാണ് കുഴി മനുഷ്യന്‍ ഏകാന്തവാസം തുടങ്ങിയത്.

ഗോത്രവര്‍ഗക്കാരുടെ പ്രദേശങ്ങളിലേക്ക് പുറംലോകത്തുള്ള മനുഷ്യര്‍ അതിക്രമിച്ച് കയറുന്നത് പതിവ് സംഭവങ്ങളാണ്. ഖനി തൊഴിലാളികള്‍ മരം വെട്ടുകാര്‍ നായാട്ടിനെത്തുന്നവര്‍ തുടങ്ങിയ ആളുകളാണ് ഇവരെ ആക്രമിക്കുന്നത്. ഗോത്രവര്‍ഗങ്ങളുടെ നിലനില്‍പിന് തന്നെ ഇത്തരം അതിക്രമങ്ങള്‍ വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ബ്രസീലില്‍ ഏകദേശം ഇരുന്നൂറിലേറെ പരമ്പരാഗത ഗോത്രവിഭാഗങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഏകാന്ത ജീവിതം നയിക്കുന്ന കുഴി മനുഷ്യനെ 1996 മുതല്‍ ഫുനായി നിരീക്ഷിച്ചുവരികയാണ്.

വനത്തിനുള്ളില്‍ മൃഗങ്ങളേയും പക്ഷികളേയും അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ചാണ് ഇവര്‍ ഭക്ഷിച്ചിരുന്നത്. മൃഗങ്ങളെ വീഴ്ത്താന്‍ വലിയ കുഴികളും പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നു. താമസ സ്ഥലത്തിന് സമീപം പപ്പായ, ചോളം തുടങ്ങി ഏതാനും കൃഷികളും ഇവര്‍ നടത്തിയിരുന്നുവെന്ന് ഫുനായി കണ്ടെത്തിയിട്ടുണ്ട്.

ക്യാമറയില്‍ പതിഞ്ഞ ആദ്യ ചിത്രം, അവസാനത്തേത്തും

2018ലാണ് കുഴി മനുഷ്യന്റെ ആദ്യ ചിത്രം പുറത്തുവന്നത്. കൃത്യമായ ഇടവേളകളില്‍ കുഴി മനുഷ്യനെ നിരീക്ഷിക്കാനെത്തിയ ഫുനായി ഏജന്റുമാരുടെ ക്യാമറയില്‍ അപ്രതീക്ഷിതമായി കുഴി മനുഷ്യന്റെ ചിത്രം പതിയുകയായിരുന്നു. മരത്തിന്റേയോ മൃഗങ്ങളുടേയോ തോലുകൊണ്ടുള്ള, നാമമാത്രമായ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. നീണ്ട മുടിയുണ്ടായിരുന്നു. നല്ല ആരോഗ്യത്തോടെയുള്ള കുഴി മനുഷ്യന്‍ വലിയ വടിയോ മൂര്‍ച്ചയേറിയ മറ്റേതോ തരത്തിലുള്ള ആയുധം കയ്യിലേന്തി മരം മുറിക്കാന്‍ ശ്രമിക്കുന്ന വീഡിയോയും ഫുനായി പുറത്തുവിട്ടിരുന്നു.

തന്റെ കൂട്ടാളികളേയും ബന്ധുക്കളേയും കൊന്നൊടുക്കിയതോടെ തന്റെ മേഖലയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ആളുകളെ തിരിച്ചാക്രമിക്കുകയായിരുന്നു കുഴിമനുഷ്യന്റേയും രീതി. സംവദിക്കാനും ഇടപഴകാനുമുള്ള എല്ലാ ശ്രമങ്ങളേയും അദ്ദേഹം എതിര്‍ത്തു. പുറംലോകത്തിന്റെ അതിക്രമം ചെറുക്കാന്‍ കെണിയൊരുക്കുന്നതും അമ്പെയ്യുന്നതും പ്രത്യാക്രമണ രീതിയായിരുന്നു.

ഫുനായി ഏജന്റുകള്‍ പലതവണ കുഴിമനുഷ്യന് ഭക്ഷണവും പഴങ്ങളും വിത്തുകളും ആയുധങ്ങളും ഉപകരണങ്ങളും നല്‍കിയിരുന്നെങ്കിലും ഒരു തവണ പോലും കുഴി മനുഷ്യന്‍ അവ സ്വീകരിക്കാനും തയ്യാറായിരുന്നില്ല.

കുഴി മനുഷ്യന്‍ താമസിച്ച വീട്

തൊട്ടിലില്‍ അഴുകിയ നിലയില്‍ മൃതദേഹം, പലവര്‍ണ തൂവലുകള്‍ സമീപം

കൃത്യമായ ഇടവേളകളിലാണ് ഫുനായി കുഴി മനുഷ്യനെ നിരീക്ഷിക്കാനെത്തുന്നത്. അങ്ങനെ വാസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് പുഴക്കരയില്‍ സ്ഥാപിച്ച പുല്‍വീടിന് സമീപത്തുള്ള തൊട്ടിലില്‍ കുഴി മനുഷ്യന്റെ അഴുകി മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന് ചുറ്റും കടും നിറമുള്ള തൂവലുകള്‍ വെച്ചിരുന്നു. മരണത്തിന് വേണ്ടി കുഴി മനുഷ്യന്‍ തയ്യാറെടുത്തിരുന്നുവെന്നാണ് കരുതുന്നുവെന്നാണ് ഫുനായ് ഉദ്യോഗസ്ഥരിലൊരാള്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കുഴി മനുഷ്യന്‍ താമസിച്ച സ്ഥലത്തിന് ചുറ്റും ഫുനായി ഏജന്റുകള്‍ വിശദമായ പരിശോധന നടത്തി. അദ്ദേഹം താമസിച്ചിരുന്ന വീടിനുളളില്‍ വലിയ കുഴികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്തിനാണ് ഇവ കുഴിച്ചതെന്ന് വ്യക്തമല്ല. പുല്ലും ഓലകളും മരത്തടികളും കൊണ്ട് നിര്‍മിച്ച വീടിനുള്ളില്‍ മൂര്‍ച്ചയേറിയ നിരവധി ആയുധങ്ങളും സമീപത്ത് കൃഷിസ്ഥലവും ഉണ്ടായിരുന്നു.

സമ്പര്‍ക്കത്തിനുള്ള ശ്രമങ്ങളെ ഒരിക്കലും അദ്ദേഹം സ്വാഗതം ചെയ്തിരുന്നില്ല. അതിനാല്‍ പേരോ ഗോത്രത്തിന്റേയോ വംശത്തിന്റേയോ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഒ.പി.ഐ(ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫ് ഐസൊലേറ്റഡ് ആന്‍ഡ് റീസന്റ് കോണ്‍ടാക്റ്റ് ഇന്‍ഡിജിനസ് പീപ്പിള്‍സ്) വക്താവ് പ്രതികരിച്ചു.

നമുക്കറിയാത്ത മനുഷ്യര്‍ ഇനിയുമുണ്ട് വനാന്തരങ്ങളില്‍

ആമസോണ്‍ വനാന്തരങ്ങളിലുള്ള ഇരുന്നൂറിലേറെ ഗോത്രവിഭാഗത്തിലെ ഒരു വിഭാഗമാണ് കുഴി മനുഷ്യന്റേത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഈ പരമ്പര അവസാനിച്ചു. എന്നാല്‍ സമാനമായ ഗോത്രങ്ങളുടെ എണ്ണം 235നും 300നും ഇടയിലാണെന്നാണ് തദ്ദേശീയ സംഘടനകള്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ചില ഗോത്രങ്ങള്‍ക്ക് പുറംലോകവുമായി വളരെ കുറച്ച് ബന്ധം മാത്രമേ ഉള്ളൂ. അതിനാല്‍ ഗോത്രങ്ങളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകളില്ല. എണ്ണത്തില്‍പ്പെടാത്ത മുപ്പതിലേറെ മറ്റ് സംഘങ്ങള്‍ ഘോരവനത്തിനുള്ളില്‍ ഉണ്ടായേക്കാമെന്നാണ് നിഗമനം. എന്നാല്‍ ഇവരുടെ സംസ്‌കാരത്തെക്കുറിച്ചോ എണ്ണത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഉള്ള യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Content Highlights: Amazon Tribesman Dubbed World's Loneliest Man, man of the hole Found Dead in Brazil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented