വാഷിങ്ടൺ: ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ടുള്ള യാത്രകൾ അവസാനിക്കുന്നില്ല. ശതകോടീശ്വരൻ ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെ ആമസോൺ മേധാവി ജെഫ് ബെസോസും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുകയാണ്. സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ റോക്കറ്റിലാണ് അദ്ദേഹം ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കുക.

കാർമാൻ ലൈനിലേക്കുള്ള ബ്ലൂ ഒറിജിന്റെ ആദ്യ മിഷൻ പടിഞ്ഞാറൻ ടെക്സാസിൽ നിന്നാണ് ആരംഭിക്കുക. ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയതിന്റെ 52-ാം വാർഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിക്കുന്നത് എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. 1969 ജൂലൈ 20-നായിരുന്നു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തുന്നത്. 

"യൂറി ഗഗാറിനാണ് ബഹിരാകാശത്ത് ആദ്യം എത്തിയത്. അത് എന്നേ കഴിഞ്ഞതാണ്. ഇപ്പോഴുള്ള യാത്രകൾ മത്സരങ്ങളല്ല. വരുന്ന തലമുറകൾക്ക് ബഹിരാകാശത്തേക്കുള്ള യാത്രകൾ സുഖകരമാക്കാനുള്ളതാണ്", ജെഫ് ബെസോസ് പറഞ്ഞു. 

ജൂലൈ 11-നായിരുന്നു ബ്രാന്‍സന്റെ ബഹിരാകായാത്ര. രണ്ട് പൈലറ്റ് ഉൾപ്പെടെ ആറ് പേരായിരുന്നു ബ്രാൻസന്റെ സ്പേസ് യാത്രയിലുണ്ടായിരുന്നത്. ഇന്ത്യക്കാരിയായ സിരിഷ ബാന്ദ്ലയും ടീമിൽ ഉണ്ടായിരുന്നു. ജെഫ് ബെസോസിന്റെ യാത്രയിലും ഒരു ഇന്ത്യക്കാരി ഉണ്ട്. മഹാരാഷ്ട്രയിൽ ജനിച്ച സഞ്ജൽ ഗവന്ദെയാണ് ആ യാത്രക്കാരി. 

കുട്ടിക്കാലത്ത് കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ബ്ലൂ ഒറിജിന്റെ ആദ്യ യാത്രയിൽ ഉൾപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്നും സഞ്ജൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ബഹിരാകാശത്തെത്തുന്ന ആദ്യ കോടീശ്വരനാകാനുള്ള ഒരുക്കത്തിലായിരുന്നു ജെഫ് ബെസോസ്. നേരത്തെ തന്നെ തീയതി നിശ്ചയിച്ച് പറക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ബെസോസിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ടായിരുന്നു ബ്രാൻസന്റെ കുതിപ്പ്. ബെസോസ് പോകാനുദ്ദേശിച്ചതിന് ദിവസങ്ങൾ മുമ്പേ ബ്രാൻസൺ തന്റെ ടീമുമായി ബഹിരാകാശത്തേക്ക് പോയി മടങ്ങിയെയെത്തി. ബഹിരാകാശ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം.

Content Highlights: amazon magnet Jeff bezos set to fly space after branson