കൊല്‍ക്കത്ത: കോവിഡ്-19 മഹാമാരിക്കിടെ സ്‌കൂള്‍ തുറക്കുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് നോബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. ഞായറാഴ്ച നടന്ന ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, സ്‌കൂളുകള്‍ തുറന്നുകഴിയുമ്പോഴുള്ള അവരുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമാന വിഷയത്തില്‍ അമേരിക്കയിലും രണ്ടുഗ്രൂപ്പായി തിരിഞ്ഞ് ചര്‍ച്ച നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ സ്വീകാര്യമായ രീതി മറ്റൊരു ജില്ലയായ ബാന്‍കൂഡായില്‍ പ്രാപ്യമാകണമെന്നില്ല. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഉത്തരം ഇതിനില്ല. പെട്ടെന്ന് നല്‍കാന്‍ കഴിയുന്ന ഉത്തരം കൈയിലുണ്ടെങ്കിലും സാഹചര്യം അത് അനുവദിക്കുന്നില്ല-സെന്‍ പറഞ്ഞു. 

നിലവിലുള്ള മൂല്യനിര്‍ണയ മാതൃകയില്‍ അറിവ് നേടിയെടുക്കുക, അത് പങ്കുവെക്കുക എന്നിവയാണ് പ്രധാനപ്പെട്ടത്. മൂല്യനിര്‍ണയത്തില്‍ നമ്മള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുമ്പോഴും അത് അവസാന കാര്യമാണെന്ന് നമ്മള്‍ നിര്‍ബന്ധമായും ഓര്‍മിക്കണം. അറിവ് നേടുക, പങ്കുവയ്ക്കുക എന്നിവയാണ് ആദ്യം വരേണ്ട വിഷയങ്ങള്‍. സ്‌കൂള്‍ തുറക്കുന്നതു സംബന്ധിച്ചുള്ള വിഷയം വ്യത്യസ്ത വശങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും കാണണമെന്നതിന്  കാരണങ്ങളുണ്ട്-അദ്ദേഹം പറഞ്ഞു.

 

Content Highlights: amartya sen no instant solution on whether to reopen schools amid pandemic