അമാൻഡ ഗോർമാൻ | Photo : Twitter | @Oprah
അമ്മയുടെ മാത്രം തണലില്‍ വളര്‍ന്ന, അടിമകളുടെ പിന്‍തലമുറക്കാരിയായ കറുത്ത മെലിഞ്ഞ പെണ്‍കുട്ടിയ്ക്ക് സ്വപ്‌നത്തില്‍ മാത്രം ആഗ്രഹിക്കാവുന്ന ഒന്നാണ് പ്രസിഡന്റ് പദവിയെന്നും, തന്റെ കവിതയിലൂടെ ആ സ്വപ്‌നം പങ്കു വെക്കുകയാണെന്നും ശക്തമായ വരികള്‍ക്കിടയില്‍ അമാന്‍ഡ ഗോര്‍മാന്‍ കുറിച്ചു. പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന വിശേഷാവസരത്തിനായി അമാന്‍ഡ രചിച്ച 'നാം കയറുന്ന കുന്ന്' (The Hill We Climb) എന്ന കവിതയിലെ ആ വരികളുള്‍പ്പെടെ ചൊല്ലി ഈ ഇരുപത്തിരണ്ടുകാരി നടന്നു കയറിയത് ചരിത്രത്തിലേക്കാണ്.
അവസരോചിതവും വിവേകപൂര്‍ണവുമായ രചനയിലൂടേയും മനോഹരമായ അവതരണത്തിലൂടെയും ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് അമേരിക്കയിലെ യുവകവികളില്‍ ഏറ്റവും ശ്രദ്ധേയായ അമാന്‍ഡ. തന്റെ കവിതയിലൂടെ അധ്വാനത്തിന്റെ പ്രാധാന്യവും അതിജീവനത്തിന്റെ ആഹ്‌ളാദവും അമാന്‍ഡ പങ്കു വെച്ചു.
ഓരോ പ്രഭാതമെത്തുമ്പോഴും
നമ്മോടു തന്നെയുള്ള ചോദ്യമിതാണ്
അവസാനമില്ലാത്ത നിഴലുകളില്‍
വെളിച്ചത്തിനായി നാമെവിടെ തിരയണം?- അമാന്‍ഡയുടെ കവിത ആരംഭിച്ചതിങ്ങനെ. കാപ്പിറ്റോളില്‍ അരങ്ങേറിയ അതിക്രമത്തേയും തന്റെ കവിതയില്‍ മറക്കാതെ ഉള്‍പ്പെടുത്തിയ അമാന്‍ഡ ജനാധിപത്യത്തിന്റെ ശക്തിയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും കവിതയില്‍ കുറിച്ചു. വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും ജനാധിപത്യം ഒരിക്കലും അസ്തമിക്കില്ലെന്ന് അമാന്‍ഡ എഴുതി. കവിത ചൊല്ലിയ അഞ്ച് നിമിഷത്തേക്ക് അമാന്‍ഡ ലോകത്തിലെ ജനാധിപത്യവിശ്വാസികളുടെ ഏകപ്രതിനിധിയായി.
അഞ്ച് നിമിഷം ദൈര്‍ഘ്യമുള്ള കവിത അവതരിപ്പിക്കാനാണ് അമേരിക്കയുടെ പ്രഥമ ദേശീയ യുവകവി പുരസ്‌കാരം 2017 ല്‍ കരസഥമാക്കിയ അമാന്‍ഡയോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടത്. റോബര്‍ട്ട് ഫ്രോസ്റ്റിനും മായാ ആഞ്ജലോയ്ക്കും ശേഷം, പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിനെ സാഹിത്യസമ്പന്നമാക്കാന്‍ അമാന്‍ഡയെ തിരഞ്ഞെടുത്തതിലൂടെ മറ്റൊരു നിര്‍ണായക ചുവടു കൂടി ബൈഡന്‍ മുന്നോട്ടു വെച്ചു. അമാന്‍ഡയുടെ അവതരണം പലയിടത്തും ജോണ്‍ എഫ് കെന്നഡിയുടേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റേയും വാക്ചാതുര്യത്തേയും ശൈലിയേയും ഓര്‍മപ്പെടുത്തി.
ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നതാണ് അമാന്‍ഡയുടെ കവിതയെന്ന് മിഷേല്‍ ഒബാമ ട്വീറ്റ് ചെയ്തപ്പോള്‍ 2036 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമാന്‍ഡ മത്സരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് താനെന്ന് ഹിലാരി ക്ലിന്റന്‍ ട്വിറ്ററില്‍ കുറിച്ചു.
കുട്ടിക്കാലത്ത് പ്രസംഗവേദികളിലാണ് അമാന്‍ഡ തിളങ്ങിയത്. വാക്കുകളുടെ പ്രയോഗവും ഉച്ചാരണസ്ഫുടതയും ഏറെ ശ്രദ്ധ നല്‍കേണ്ട സംഗതികളാണെന്ന് ലോസ് ആഞ്ജലിസ് ടൈംസിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അമാന്‍ഡ പറഞ്ഞിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ 'ദ വണ്‍ ഫോര്‍ ഹൂം ഫുഡ് ഇസ് നോട്ട് ഇനഫ്' ആണ് അമാന്‍ഡയുടെ ആദ്യ പുസ്തകം. അടുത്ത പുസ്തകം ഇക്കൊല്ലം പുറത്തിറങ്ങും.
Content Highlights: Amanda Gorman Inauguration poet US President Joe Biden
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..