മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി വിമാനയാത്രയ്ക്കിടെ ബോധരഹിതനായി കോമയിലായതോടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ എതിരാളികളെല്ലാം കാലാകാലങ്ങളായി ദുരൂഹമായി മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യപ്പെട്ടത് വീണ്ടും ചര്‍ച്ചയാകുകയാണ്. പുടിന്റെ കടുത്ത വിമര്‍ശകനാകുകയും അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള അലക്‌സിയുടെ നേരെ നടന്നത് കൊലപാതക ശ്രമമാണെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും കുടുംബവും മാധ്യമങ്ങളും ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുടിന്റെ വിമര്‍ശകര്‍ക്കെല്ലാം എന്ത് സംഭവിച്ചു എന്നത് ചര്‍ച്ചയാകുന്നത്.
ബോറിസ് നെംറ്റ്‌സോവ് , 2015
90കളില്‍ റഷ്യന്‍ രാഷ്ട്രീയത്തിലെ താരമായിരുന്നു നെംറ്റ്‌സോവ്. ഉപ പ്രധാനമന്ത്രിവരെ ആയ നെംറ്റ്‌സോവിന്റെ രാഷ്ട്രീയ പതനം പുടിന്റെ വരവോടെയായിരുന്നു. പുടിന്റെ കടുത്ത വിമര്‍ശകനായി നെംറ്റ്‌സോവ് മാറി. പുടിന്റെ അഴിമതികളെക്കുറിച്ച് നിരന്തരം എഴുതിയ അദ്ദേഹം പുടിനെതിരെ ബഹുജന പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നിരവധി തവണ അദ്ദേഹത്തെ പുടിന്‍ ജയിലില്‍ അടച്ചു. 2015 ഫെബ്രുവരിയില്‍, ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക ഇടപെടലിനെതിരെ മാര്‍ച്ച് സംഘടിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നെംറ്റ്‌സോവ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്.
ബോറിസ് ബെറെസോവ്‌സ്‌കി, 2013
ഒരിക്കല്‍ പുടിന്റെ ഉറ്റ സുഹൃത്തായിരുന്നു ബെറെസോവ്‌സ്‌കി. പുടിനെ അധികാരത്തിലെത്താന്‍ സഹായിച്ചത് വ്യാവസായ പ്രമുഖനും ധനികനുമായ ബെറെസോവ്‌സ്‌കി ആയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തെറ്റി. ഇരുവരും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് ഇത് എത്തുകയും. എന്ത് വിലകൊടുത്തും പുടിനെ താഴെയിറക്കുമെന്ന് ഇദ്ദേഹം പ്രതിജ്ഞ ചെയ്തു. പക്ഷേ അധികം വൈകാതെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ ബെറെസോവ്‌സ്‌കിയെ കണ്ടെത്തി. കഴുത്തില്‍ കയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നെങ്കിലും യഥാര്‍ത്ഥ മരണകാരണം ഇന്നും അജ്ഞാതം.
സ്റ്റാനിസ്ലേവ് മര്‍ക്കലോവ് 2009
മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനും ആയിരുന്നു മര്‍ക്കലോവ്. പുടിനെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച് ലേഖനങ്ങള്‍ എഴുതി നിയമപ്രശ്‌നങ്ങളില്‍ അകപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ സഹായിക്കാന്‍ തുടങ്ങിയതോടെയാണ് മര്‍ക്കലോവ് പുടിന്റെ കണ്ണിലെ കരടാകുന്നത്. ക്രെംവിന് സമീപത്ത് വെച്ച് മുഖംമൂടി ധരിച്ച ഒരാളുടെ വെടിയേറ്റാണ് മര്‍ക്കലോവ് കൊല്ലപ്പെടുന്നത്.
സെര്‍ജി മാഗ്‌നിറ്റ്സ്‌കി 2009
പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിനിരയായാണ് അഭിഭാഷകനായ സെര്‍ജി മാഗ്നിറ്റ്‌സ്‌കി മരിക്കുന്നത്. അദ്ദേഹത്തിന് വൈദ്യസഹായം പോലും നിഷേധിക്കപ്പെട്ടു. ബ്രിട്ടീഷ് അമേരിക്കന്‍ വ്യവസായി വില്യം ബ്രൗഡറിനുവേണ്ടി ഒരു നികുതി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സെര്‍ജി നിയോഗിക്കപ്പെട്ടു. നികുതി തട്ടിപ്പിന് പിന്നില്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയതോടെ സെര്‍ജി അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് കസ്റ്റഡിയില്‍ വെച്ച് ഇദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി.
സെര്‍ജി സ്‌ക്രിപാല്‍ 2018
മാര്‍ച്ച് നാലിന് മുന്‍ റഷ്യന്‍ ചാരന്‍കൂടിയായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും വിഷബാധയേറ്റിരുന്നു. ബ്രിട്ടനിലെ സാലിസ്ബറി നഗരത്തില്‍ ഒരു ബെഞ്ചില്‍ അബോധാവസ്ഥയിലായ നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. നോവിചോക് എന്ന രാസവസ്തു വളരെ കുറഞ്ഞയളവില്‍ ദ്രവരൂപത്തിലാക്കി പ്രയോഗിക്കുകയായിരുന്നെന്നാണ് കണ്ടെത്തിയത്. ഇരുവരും ചികിത്സയിലൂടെ രക്ഷപ്പെട്ടു.
പ്യോട്ടര്‍ വെര്‍സിലോവ് 2018
സെപ്റ്റംബറില്‍ ക്രെംലിന്‍വിരുദ്ധ പൊതു പ്രവര്‍ത്തകനും പുതിന്റെ വിമര്‍ശകനുമായ പ്യോട്ടര്‍ വെര്‍സിലോവിനും വിഷബാധയുണ്ടായി. റഷ്യന്‍ ഏജന്റുമാരാണ് അതിനുപിന്നിലെന്ന് വെര്‍സിലോവ് ആരോപിച്ചു. മോസ്‌കോയില്‍നിന്ന് ബെര്‍ലിനില്‍ എത്തിച്ചാണ് ജീവന്‍രക്ഷിച്ചത്. വിഷബാധയേറ്റതാണെന്ന് ബെര്‍ലിനിലെ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
വ്‌ലാദിമിര്‍ കാര മുര്‍സ 2017
പുതിന്റെ വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ കാര മുര്‍സ വിഷബാധയേറ്റ് അബോധാവസ്ഥയിലായി. 2015-ലും അദ്ദേഹത്തിന് ഗുരുതരമായ വിഷബാധയേറ്റിരുന്നു. ശരീരത്തില്‍ ലോഹാംശം വളരെ കൂടുതല്‍ ചെന്നതായാണ് അന്ന് കണ്ടെത്തിയത്. രക്ഷപ്പെട്ട അദ്ദേഹം ഇപ്പോള്‍ മോസ്‌കോയില്‍ കഴിയുന്നു.
നതാലിയ എസ്റ്റെമിറോവ 2009
റഷ്യന്‍ സുരക്ഷാ സേനയുടെ തീവ്രവാദി വേട്ടയ്ക്കിടെ ബലിയാടാകുന്ന സാധാരണക്കാരെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ എഴുതിയ മാധ്യമപ്രവര്‍ത്തകയാണ് നതാലിയ. പുടിന്‍ ഭരണകൂടത്തെ ചൊടിപ്പിക്കുന്നതായിരുന്നു നതാലിയയുടെ റിപ്പോര്‍ട്ടുകള്‍ ഓരോന്നും. നതാലിയയെ വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്നും നതാലിയയുടെ ഘാതകര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
അന്ന പൊളിറ്റ്‌കോവ്‌സ്‌കയാ 2006
നോവയ ഗസറ്റ എന്ന പത്രത്തിന്റെ റഷ്യന്‍ റിപ്പോര്‍ട്ടറായിരുന്നു അന്ന. 'പുടിന്റെ റഷ്യ' എന്ന പേരില്‍ അന്ന ഒരു പുസ്തകം എഴുതിയിരുന്നു. അതില്‍ പുടിന്‍ എങ്ങനെ റഷ്യയെ ഒരു പോലീസ് രാജ്യമാക്കി മാറ്റിയെന്ന് ആരോപിച്ചിരുന്നു. പോയിന്റ് ബ്ലാങ്കിലാണ് അന്നയ്ക്ക് വെടിയേല്‍ക്കുന്നത്. അഞ്ച് പേര്‍ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും അതൊരു ക്വട്ടേഷന്‍ കൊലപാതകം ആണെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയവര്‍ ഇന്നും കാണാമറയത്താണ്.
അലക്‌സാണ്ടര്‍ ലിറ്റ്വിനെന്‍കോ, 2006
റഷ്യന്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായിരുന്നു അലക്‌സാണ്ടര്‍. ഒരു കപ്പ് ചായ കുടിച്ച് മൂന്നാഴ്ചയ്ക്ക് ഇപ്പുറമാണ് അലക്‌സാണ്ടറിന്റെ മരണം. ലണ്ടനിലെ ഒരു ഹോട്ടലില്‍ വെച്ച് ചായയില്‍ പൊളോണിയം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. പുടിന്റെ നിര്‍ദ്ദേശപ്രകാരം റഷ്യന്‍ ഏജന്റാണ് ചായയില്‍ വിഷം ചേര്‍ത്തതെന്ന് ബ്രിട്ടന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പക്ഷേ പുടിന്‍ നിഷേധിച്ചു.
സുരക്ഷാ സേനയില്‍ നിന്ന് വിരമിച്ച ശേഷം അലക്‌സാണ്ടര്‍ സേനയെ വിമര്‍ശിച്ചതാണ് പുടിനെ ചൊടിപ്പിച്ചത്.
സെര്‍ജി യുഷെന്‍കോവ് 2003
തന്റെ ലിബറല്‍ റഷ്യന്‍ മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സെര്‍ജി വെടിയേറ്റുമരിക്കുന്നത്. 1999ലെ അപ്പാര്‍ട്ട്‌മെന്റ് ബോംബിങ്ങിന് പിന്നില്‍ പുടിന്‍ സര്‍ക്കാരാണെന്ന് വിശ്വസിച്ച സെര്‍ജെ ഇതിനുള്ള തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
യൂറി ഷെകെച്ചോഹിം,2003
ഒരു എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു യൂറി. പഴയ സോവിയറ്റ് യൂണിയന്റെ അഴിമതികളെക്കുറിച്ചും ധാരാളം എഴുതിയിരുന്ന ആളാണ്. അപ്പാര്‍ട്ട്‌മെന്റ് ബോംബിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെ അജ്ഞാത രോഗം ബാധിച്ചാണ് യൂറി മരിക്കുന്നത്. അമേരിക്കയിലേക്ക് പോകാന്‍ ഇരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു യൂറിയുടെ മരണം. അദ്ദേഹത്തിന്റെ മെഡിക്കല്‍ രേഖകള്‍ ഇന്നുവരെയും പുറം ലോകം കണ്ടിട്ടില്ല.
പുടിന്റെ വിമര്‍ശകരെല്ലാം കൊല്ലപ്പെടുകയാണ്. അല്‍ക്‌സി നവല്‍നി കോമയിലായിക്കഴിഞ്ഞു. എല്ലാം നിഷേധിക്കുമ്പോഴും വിമര്‍ശകര്‍ നിശബ്ദരാക്കപ്പെടുകയോ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുകയോ ചെയ്യുന്നത് പതിവാണ്
പുടിന്റെ റഷ്യയില്‍ വിമര്‍ശനങ്ങള്‍ പാടില്ല, വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് ആയുസ്സും കുറവാണ്.
Content Highlight: All Putin's critics are killed Why ?