ലാസ്‌കയിലെ പ്രിന്‍സ് ഓഫ് വെയ്ല്‍സ് ഐലന്‍ഡിലെ സമുദ്രതീരത്ത് കണ്ട കടല്‍ജീവിയുടെ വീഡിയോ പകര്‍ത്തി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍  സാറ വാസര്‍ അല്‍ഫോര്‍ഡ്‌ കരുതിയതേയില്ല അത് വൈറലാകുമെന്ന്. വിചിത്രജീവിയെ കാണാന്‍ മൂന്നാഴ്ച കൊണ്ട് സാറയുടെ പേജ് സന്ദര്‍ശിച്ചവരുടെ എണ്ണം പതിനൊന്ന് ലക്ഷം കവിഞ്ഞു, പത്തൊമ്പതിനായിരം പേര്‍ വീഡിയോ ഇതിനോടകം ഷെയര്‍ ചെയ്തു. 

കൗതുകം കൊണ്ടാണ് ഓറഞ്ച് നിറമുള്ള, വിചിത്രരൂപിയായ ജീവിയെ സാറ ക്യാമറയില്‍ പകര്‍ത്തിയത്. ജീവിയെ സാറ വെള്ളത്തിലേക്ക് തന്നെ തിരിച്ച് വിടുകയും ചെയ്തു. ഒരു പറ്റം രക്തധമനികളുകളും ലോമികകളും ചേര്‍ന്ന പോലൊരു രൂപമാണ് ഈ ജീവിക്ക്. മുഴുവന്‍ കൈകളും കാലുകളുമിളക്കി കാണുന്നവരില്‍ അമ്പരപ്പുണ്ടാക്കുന്ന ജീവിയെ കുറിച്ച് പലരും പല തരത്തിലാണ് പ്രതികരിച്ചത്. 

ജീവനുള്ള പവിഴപ്പുറ്റാണോ ഇതെന്ന് ഒരാള്‍ ചോദ്യമുന്നയിച്ചപ്പോള്‍ ഇത് ഒരന്യഗ്രഹജീവിയാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. നക്ഷത്രമത്സ്യത്തിന്റെ മറ്റൊരു രൂപമാണോയെന്ന് സംശയിച്ചവരും ഉണ്ട്. എന്നാല്‍ ഇത് ബാസ്‌കറ്റ് സ്റ്റാര്‍ എന്ന സമുദ്രജീവിയാണെന്ന് തിരിച്ചറിഞ്ഞവരും കൂട്ടത്തിലുണ്ട്. 

സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ബാസ്‌കറ്റ് സ്റ്റാര്‍ നക്ഷത്രമത്സ്യത്തിന്റെ വര്‍ഗത്തില്‍ പെട്ട ജീവിയാണ്. ശാഖകളായി കാണുന്ന ബാസ്‌കറ്റ് സ്റ്റാറിന്റെ കൈകള്‍ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നതിനും ഇരപിടിക്കുന്നതിനും സഹായിക്കുന്നു. എന്തായാലും മൂന്നാഴ്ചയായി ഇന്റര്‍നെറ്റിലെ 'വൈറല്‍ സ്റ്റാറാ'ണ് കക്ഷി. 

 

Content Highlights: One Million Views For "Alien" Sea Creature Caught Off Coast Of Alaska