അള്‍ജിയേഴ്‌സ്:  ചോദ്യപ്പേപ്പറുകള്‍ ഓണ്‍ലൈനില്‍ ചോരാതിരിക്കാന്‍ അള്‍ജീരിയയില്‍ സോഷ്യല്‍ മീഡിയക്ക് നിരോധനമേര്‍പ്പെടുത്തുന്നു. ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ സൈറ്റുകളായ ട്വിറ്ററിനും ഫെയ്‌സ്ബുക്കിനുമാണ് അള്‍ജീരിയ താല്‍ക്കാലിക നിരോധനം കൊണ്ടുവരുന്നത്.

അള്‍ജീരിയയില്‍ ഇത് പരീക്ഷാക്കാലമാണ്. ഈ മാസമാദ്യം നടന്ന പരീക്ഷയുടെ ചോദപ്പേപ്പറുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നടപടി.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പുന:പരീക്ഷ എഴുതേണ്ടിവന്നു. ഇത് രാജ്യത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ദേശീയ വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളും പ്രസ് ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആദ്യമായാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഒരു ആഫ്രിക്കന്‍ രാജ്യം ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തുന്നത്. കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയക്ക് നിരോധനമുണ്ടെങ്കിലും അവയ്ക്കുപിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണുള്ളത്.