
Photo Courtesy: twitter
അള്‍ജീയേഴ്സ്: യുക്രൈനെതിരേ റഷ്യ ആക്രമണം ശക്തമാക്കിയതോടെ വാതക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്ന യൂറോപ്പിന് സഹായവാഗ്ദാനവുമായി അള്‍ജീരിയ രംഗത്ത്. ലോകത്തെ ഏറ്റവും വലിയ വാതക കയറ്റുമതിക്കാരായ റഷ്യയ്ക്കെതിരേ യൂറോപ്പ്യന്‍ യൂണിയന് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് വാതകക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്ക വര്‍ധിച്ചത്. യുക്രൈനെതിരേ റഷ്യ ആക്രമണം ആരംഭിച്ചതോടെ തന്നെ വാതകവില വന്‍ തോതില്‍ വര്ധിച്ചുതുടങ്ങിയിരുന്നു. ഇതിനിടെയാണ് ക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്ക പരന്നുതുടങ്ങിയത്.
ഈ ആശങ്കകള്‍ക്കിടെയാണ് അള്‍ജീരിയ വാതകം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
അള്‍ജീരിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സോട്രാക്കാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് വാതകം നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്. അള്‍ജീരിയയില്‍ നിന്ന് ഇറ്റലിയിലേയ്ക്കുള്ള പൈപ്പ് ലൈനില്‍ നിന്ന് വാതകം ലഭ്യമാക്കാമെന്നാണ് സോണ്ട്രാക്ക് സി.ഇ.ഒ തൗഫിക് ഹക്കര്‍ പറയുന്നത്. യൂറോപ്പിലെ വാതക ഇറക്കുമതിയുടെ പതിനൊന്ന് ശതമാനവും അള്‍ജീരിയയില്‍ നിന്നാണ്.
ജര്‍മനി, ഇറ്റലി, തുര്‍ക്കി, ഓസ്ട്രിയ, ഫ്രാന്‍സ് തുടങ്ങിയവയാണ് റഷ്യയില്‍ നിന്ന് കൂടുതല്‍ വാതകം ഇറക്കുമതി ചെയ്യുന്നത്.
യുദ്ധം തുടരുകയും ക്ഷാമം രൂക്ഷമാവുകയും ചെയ്യുകയാണെങ്കില്‍ വാതകം നല്‍കണമെന്ന് അമേരിക്കയും അള്‍ജീരിയയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
യൂറോപ്പ്യന്‍ യൂണിയന്റെ ഉപരോധത്തെ തുടര്‍ന്ന് ബ്രിട്ടീഷ് കമ്പനിയായ ബി.പിയും ഷെല്ലും റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റോസ്നെഫ്റ്റിലെ ഓരഹരി പങ്കാളിത്തം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. അതിനിടെ യുക്രൈനിലെ വാതക പൈപ്പ്ലൈനുകള് ലക്ഷ്യമിട്ടും റഷ്യ ആക്രമണം നടത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..