തീര്‍ത്തും അപരിചിതമായ ഭാഷയില്‍ അപരിചിതനായ ഒരാള്‍ കാലങ്ങള്‍ക്ക് മുമ്പെഴുതിയ ഒരു കത്ത് കിട്ടിയാല്‍ അതിലെ ഉള്ളടക്കത്തെക്കുറിച്ചറിയാനുള്ള ആകാംക്ഷയാവും പിന്നീട്. അവിചാരിതമായി അത്തരത്തിലൊരു കത്ത് കൈയില്‍ കിട്ടിയ ടെയ്‌ലര്‍ ഇവാനോവ് 50 കൊല്ലം മുമ്പ് ആ കത്തെഴുതിയ ക്യാപ്റ്റന്‍ അനാറ്റലി ബോട്‌സാനെന്‍കോയേയും തേടിപ്പിടിച്ചു. 

bottle
Image, facebook/Tyler Ivanoff

കുട്ടികളുമൊത്ത് അവധിദിനമാഘോഷിക്കാന്‍ ഓഗസ്റ്റ് അഞ്ചിന് അലാസ്കയിലെ ഒരു ബീച്ചിലെത്തിയതായിരുന്നു ടെയ്‌ലര്‍. ക്യാമ്പ് ഫയറിനായി വിറക് ശേഖരിക്കുന്നതിനിടെയാണ് ടെയ്‌ലറിന്റെ ശ്രദ്ധ മണലില്‍ പുതഞ്ഞ പച്ച നിറമുള്ള ചില്ലുകുപ്പിയില്‍ പതിച്ചത്. ഒരു കടലാസ് കഷണം ചുരുട്ടിയ നിലയില്‍ കുപ്പിക്കുള്ളിലുണ്ടായിരുന്നു. ഉള്ളില്‍ വെള്ളം കയറാത്ത വിധത്തില്‍ കോര്‍ക്ക് കൊണ്ടടച്ച കുപ്പിക്കുള്ളിലാക്കി സന്ദേശങ്ങള്‍ കൈമാറുന്ന പതിവ് പണ്ട് നാവികര്‍ക്കിടയില്‍ പതിവായിരുന്നു. 

നിധിശേഖരത്തിലേക്കുള്ള മാര്‍ഗം രേഖപ്പെടുത്തിയ  കടല്‍ക്കൊള്ളക്കാരുടെ കുപ്പിയാണോ അതെന്നായിരുന്നു ടെയ്‌ലറിന്റെ എട്ടുവയസുകാരിയായ മകളുടെ സംശയം. ടെയ്‌ലര്‍ കോര്‍ക്ക് വലിച്ചൂരി കടലാസ് കഷണം പുറത്തെടുത്തു. നീലമഷിപ്പേനയിലെഴുതിയ കത്ത് റഷ്യന്‍ ഭാഷയിലേതാണെന്ന് ടെയ്‌ലറിന് മനസിലായി. പക്ഷെ ഭാഷ പഠിച്ചിട്ടില്ലാത്തതിനാല്‍ കത്ത് വായിക്കാന്‍ സാധിച്ചില്ല. 

letter
Image, facebook/Tyler Ivanoff

വീട്ടില്‍ മടങ്ങിയെത്തിയ ടെയ്‌ലര്‍ കുപ്പിയുടേയും കത്തിന്റേയും ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കത്ത് വായിക്കാനറിയാവുന്ന സുഹൃത്തുക്കള്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായാണ് ടെയ്‌ലര്‍ പോസ്റ്റിട്ടത്. രാവിലെ ഉറക്കമുണരുമ്പോള്‍ അയാളെ കാത്തിരുന്നത് കത്തിന്റെ തര്‍ജമയും അതെഴുതിയ ആളെ കുറിച്ചുള്ള വിവരവുമാണ്. അഞ്ഞൂറിലേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. 

റഷ്യന്‍ കപ്പലായ വിആര്‍എക്‌സ്എഫില്‍ നിന്നുള്ള ആശംസ ആയിരുന്നു കത്തില്‍, എഴുതിയതാകട്ടെ കപ്പിത്താനായ അനാറ്റലി ബോട്‌സാനെന്‍കോയും. 1969 ജൂണ്‍ 20 നാണ് കത്തെഴുതിയിരിക്കുന്നത്. കത്ത് ലഭിക്കുന്ന ആള്‍ക്കും വ്‌ളാഡിവൊസ്റ്റോക്-43 ബിആര്‍എക്‌സ്എഫ് സുലാക് കപ്പല്‍ ക്രൂവിനും ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്ന സന്ദേശമായിരുന്നു അത്. കത്ത് കിട്ടുന്ന ആള്‍ സന്ദേശം വ്‌ളാഡിവൊസ്റ്റോക്-43 ബിആര്‍എക്‌സ്എഫ് കപ്പല്‍ സംഘത്തെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും സന്ദേശത്തിലുണ്ട്. 

ഫെയ്‌സ്ബുക്കിലൂടെ കത്തിന്റെ ചിത്രം കണ്ടതോടെ തന്റെ കൈയക്ഷരമാണെന്ന് 86 കാരനായ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ബോട്‌സാനെന്‍കോ തിരിച്ചറിഞ്ഞു. കത്തുമായി ക്യാപ്റ്റനെ സന്ദര്‍ശിക്കണമെന്നാണ് ടെയ്‌ലറിന്റെ ആഗ്രഹം. കത്തില്‍ ക്യാപ്റ്റന്‍ കുറിച്ചത് പോലെ അദ്ദേഹത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നതായി ടെയ്‌ലര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ടെയ്‌ലറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

 

Content Highlights: Alaska man finds 50-year-old Russian message in a bottle