ചൈനയിലെ അന്തരീക്ഷത്തിൽ ഉണ്ടായ മാറ്റം കാണിക്കുന്ന നാസ പുറത്ത് വിട്ട സാറ്റലൈറ്റ് ദൃശ്യം
വുഹാൻ:ലോകരാജ്യങ്ങളെയൊന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് ബാധ വിവിധ രാജ്യങ്ങളുടെ അന്തരീക്ഷ വായുവില്‍ ശുഭസൂചകമായ മാറ്റങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അന്തരീക്ഷ മലിനീകരണത്തില്‍ ഇത് മാറ്റം വരുത്തുമോ എന്നതിനെ കുറിച്ചുള്ള വ്യക്തമായ കണക്കുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
നൈട്രജന്ഡൈഓക്സൈഡിന്റെ( No2) സാന്നിധ്യം ചൈനയിലെ വുഹാന്‍ പ്രദേശത്തെ അന്തരീക്ഷത്തില്‍ കുറഞ്ഞു എന്ന് കാണിക്കുന്ന ചിത്രങ്ങള്‍ നാസ അടുത്തിടെ പുറത്തുവിട്ടിരുന്നു. കോവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ ആയിരുന്നു ആദ്യ ഘട്ടത്തില്‍ ജനജീവിതം നിശ്ചലമായ പ്രദേശങ്ങളിലൊന്ന്.
കോവിഡ് രോഗവ്യാപനം വരുന്നതിനു മുമ്പ് ജനുവരി 1നും 20നുമിടയില്‍ ചൈനയുടെ അന്തരീക്ഷത്തിലെ No2ന്റെ സാന്നിധ്യവും ചൈനയില്‍ ക്വാറന്റൈന് പ്രഖ്യാപിച്ചതിനു ശേഷമുള്ള No2ന്റെ സാന്നിധ്യവും താരതമ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് നാസ പുറത്തു വിട്ടിരിക്കുന്നത്.
ഇത്രപ്രകടമായ രീതിയിലുള്ള കുറവ് താന്‍ ആദ്യമായാണ് ഒരു വലിയ പ്രദേശത്ത് കാണുന്നതെന്ന് നാസയിലെ ഗവേഷകനായ ഫി ല്യു പറയുന്നത്.
വടക്കന്‍ ഇറ്റലിയിലും ഇത്തരത്തില്‍ അന്തരീക്ഷത്തിലെ No2 അളവില്‍ പ്രകടമായ കുറവുണ്ടായിട്ടുണ്ടെന്ന യൂറോപ്യന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സിയും പറയുന്നു. ചൈനയ്ക്കു ശേഷം കൊറോണ ഏറ്റവും അധികം ബാധിച്ചതും ജനജീവിതം സ്തംഭിച്ചതുമായ രാജ്യമാണ് ഇറ്റലി.
വാഹനങ്ങള്‍, വ്യവസായ ശാലകള്‍ , താപനിലയങ്ങള്‍ എന്നിവയാണ് ഏറ്റവുമധികം നൈട്രജന്ഡൈഓക്സൈഡ് ബഹിര്‍ഗമനം നടത്തുന്നത്. ജനജീവിതം സ്തംഭിച്ചതോടെ ഇവയുടെയെല്ലാം പ്രവര്‍ത്തനം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെട്ടു.
സമ്പര്‍ക്ക വിലക്കും വീടുകളില്‍ തുടരാനുള്ള ഉത്തരവും നല്കിയ ബാര്‍സിലോണ, മാട്രിഡ് എന്നിവിടങ്ങളിലെ അന്തരീക്ഷത്തിലും മാറ്റമുണ്ടായിട്ടുണ്ട്.
എന്നാല്‍ NO2 അളവ് കുറയുക എന്നതില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നു എന്നര്‍ഥമില്ലെന്നും വിഗ്ദ ഭാഷ്യമുണ്ട്. അന്തരീക്ഷ മലിനീകരണം കുറയണമെങ്കില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെയും മറ്റ് സൂക്ഷ്മ പൊടിപടലങ്ങളുടെയും അളവിലും കുറവ് രേഖപ്പെടുത്തേണ്ടതുണ്ട്.
content highlights: airpollution reduces in Corona hit places including China and Italy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..