ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നത്.

'മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കിടയിലും തിരക്കേറിയ വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളിലും വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറുകണികകളിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ട് - പ്രസ്താവനയില്‍ ഡബ്ലിയുഎച്ച്ഒ പറയുന്നു. 

എന്നിരുന്നാലും ഈ സാഹചര്യങ്ങളില്‍ വൈറസ് പൂര്‍ണമായും വായുവിലൂടെയാണ് പകരുന്നതെന്ന് ലോകാരോഗ്യസംഘടന കരുതുന്നില്ല. തുള്ളികളിലൂടെയും, വാതില്‍പ്പിടി, സ്വിച്ചുകള്‍, പേന തുടങ്ങിയ അണുബാധയുണ്ടായ പ്രതലങ്ങളിലൂടെയും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരാമെന്ന് ഡബ്ലിയുഎച്ച്ഒ പറയുന്നു. 

32 രാജ്യങ്ങളില്‍ നിന്നുളള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം വായുവിലൂടെ കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ഡബ്ലിയുഎച്ച്ഒയെ അറിയിച്ചിരുന്നു. മൂന്നുദിവസങ്ങള്‍ക്ക് ശേഷമാണ് ഡബ്ലിയുഎച്ച്ഒ ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കിയത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന ഡ്രോപ്‌ലെറ്റുകളിലൂടെയാണ് വൈറസ് പകരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. 

വായുവിലൂടെ വൈറസ് പകരുമെന്ന് സ്ഥിരീകരിക്കപ്പെട്ടതിനാല്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്നും ഡബ്ലിയുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നതായിരിക്കും ഫലപ്രദം. കൈകഴുകുകയും സാമൂഹിക അകലം പാലിക്കുന്നതിനുമൊപ്പം തിരക്കേറിയ പൊതുഇടങ്ങള്‍, അടച്ചിട്ട വായുസഞ്ചാരം കുറവുളള ഇടങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. 

Content Highlights: Airborne transmission of the virus can occur in health care settings - WHO