എയർ ഇന്ത്യ വൺ | Photo: PTI
ന്യൂഡല്‍ഹി: ഇത്തവണ പ്രധാനമന്ത്രി മോദി അമേരിക്കയിലേക്ക് പറന്നിറങ്ങിയത് 'എയര്‍ ഇന്ത്യ വണ്‍' വിമാനത്തില്‍. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ഈ ബോയിങ് 777 വിമാനം അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എയർഫോഴ്സ് വണ്‍ വിമാനത്തെയാണ് ഓർമിപ്പിക്കുന്നത്.
'എയര്‍ ഇന്ത്യ വണ്‍' എന്ന് പേരിട്ടിട്ടുള്ള വിമാനങ്ങള്‍ പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. പ്രത്യേകമായി രൂപകല്പന ചെയ്തിരിക്കുന്ന ബോയിങ് 777 വിമാനങ്ങളില്‍ യു.എസ്. പ്രസിഡന്റിന്റെ 'എയര്‍ഫോഴ്സ് വണ്‍' വിമാനത്തിന് തുല്യമായ സൗകര്യങ്ങളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രതലവന്മാരുടെ യാത്രകള്‍ക്കായി ബോയിങ് 747 വിമാനങ്ങള്‍ക്ക് പകരം അത്യാധുനിക ബോയിങ് 777 വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കാന്‍ തുടങ്ങിയത്.
രണ്ട് ബോയിങ് 777- വിമാനങ്ങള്‍ക്കായി ഏതാണ്ട് 8,400 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. അമേരിക്കയിലെ ഡാലസിലുള്ള ബോയിങ്ങിന്റെ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങള്‍ തയ്യാറാക്കിയത്. യഥാര്‍ത്ഥത്തില്‍ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനങ്ങള്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി വ്യോമസേനയ്ക്ക് കൈമാറുകയായിരുന്നു.
എയര്‍ ഇന്ത്യ വണ്ണിന്റെ പ്രത്യേകതകള്‍
യു.എസ്. പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന് തുല്യമായ സൗകര്യങ്ങളാണ് ഈ വിമാനത്തില്‍ ഒരുക്കിയിട്ടുള്ളത്. എയര്‍ഫോഴ്സ് വണിന് സമാനമായി എയര്‍ ഇന്ത്യ വണ്ണിലും സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ്, കോണ്‍ഫറന്‍സ് ക്യാബിനോടുകൂടിയ വിശാലമായ ഓഫീസ് സംവിധാനം എന്നിവയെല്ലാമുണ്ട്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേര്‍സ്, മിസൈല്‍ പ്രതിരോധ സംവിധാനം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വിമാനത്തിലുണ്ട്.
മിസൈല്‍ പ്രതിരോധ ശേഷിയാണ് എയര്‍ ഇന്ത്യ വണ്ണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. വിമാനത്തിനുനേരെ വരുന്ന മിസൈലുകള്‍ കണ്ടെത്താനുള്ള സംവിധാനവും മിസൈലുകളുടെ നിയന്ത്രണ സംവിധാനം തകര്‍ത്ത് വഴിതിരിച്ചുവിടാനുള്ള ശേഷിയുമുണ്ട്. ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി, കൂടുതല്‍ വലിയ ഓഫീസ് സൗകര്യം, മീറ്റിങ് മുറികള്‍, ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍, മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവയും ഇതിലുണ്ട്. ഇന്ത്യയില്‍നിന്ന് യു.എസ്. വരെ നേരിട്ട് പറക്കാം. ഇടയ്ക്ക് ഇന്ധനം നിറയ്‌ക്കേണ്ടിവരില്ല. മണിക്കൂറില്‍ 900 കിലോമീറ്ററാണ് വേഗം.
ദേശീയ മുദ്രയും ഇന്ത്യ എന്നും ഭാരത് എന്നും ഇംഗ്ലീഷിലും ഹിന്ദിയിലുമായി വിമാനത്തിന്റെ ഇരുവശത്തും ആലേഖനം ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ വാലിലായാണ് ദേശീയ പതാക. ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരാണ് വിമാനം പറത്തുക. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസ് ലിമിറ്റഡിനാണ് വിമാനത്തിന്റെ പരിപാലന ചുമതല.

'പറക്കും വൈറ്റ് ഹൗസ്' അഥവാ എയര്‍ ഫോഴ്സ് വണ്‍
1953-ല്‍ അമേരിക്കയുടെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് 8610 വിമാനവും എയര്‍ ഫോഴ്‌സിന്റെ 8610 വിമാനവും തമ്മില്‍ കൂട്ടിയിടിയുടെ വക്കിലെത്തിയ സാഹചര്യമുണ്ടായിരുന്നു. അന്ന് ഭാഗ്യവശാലാണ് അപകടം ഒഴിവായത്. ഈ വിമാനങ്ങളിലൊന്നില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിന്‍ ഡി. റൂസ് വെല്‍റ്റായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റിന് സഞ്ചരിക്കാനായി പ്രത്യേക വിമാനം വേണമെന്ന തീരുമാനത്തിലേക്ക് അമേരിക്കന്‍ സര്‍ക്കാര്‍ എത്തിയത്. അങ്ങനെയാണ് എയർഫോഴ്സ് വണ്‍ വരുന്നത്.
ബോയിങ് 747-200-ബി ശ്രേണിയിലുള്ള രണ്ടു വിമാനങ്ങളാണ് നിലവില്‍ അമേരിക്കന്‍ പ്രസിഡന്റിനുള്ള എയര്‍ ഫോഴ്സ് വണ്ണിന് ഉപയോഗിക്കുന്നത്. എയര്‍ ഫോഴ്സ് വണ്‍ എന്നത് ഒരു വിമാനത്തിന്റെ പേരല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അമേരിക്കന്‍ പ്രസിഡന്റിനായുള്ള ഏത് വിമാനത്തേയും വ്യോമസേന എയര്‍ ഫോഴ്സ് വണ്‍ എന്നാണ് വിളിക്കുക. നിലവില്‍ ബോയിങ് 747 വിമാനമാണ് എയര്‍ ഫോഴ്സ് വണ്‍ ആയി ഉപയോഗിക്കുന്നത്. ആണവായുദ്ധ അക്രമണത്തെ പോലും പ്രതിരോധിക്കാവുന്ന വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിരിക്കുന്നത്.

ആകാശത്തുവെച്ചുതന്നെ ഇന്ധനം നിറയ്ക്കല്‍, സുരക്ഷിതമായ ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. യു.എസ്സിനെതിരേ ആക്രമണമുണ്ടായാല്‍ മൊബൈല്‍ കമാന്‍ഡ് സെന്ററായി ഈ വിമാനം പ്രവര്‍ത്തിക്കും. ഓഫീസ് മുറികള്‍, മറ്റ് മുറികള്‍, റഡാര്‍ ജാമര്‍, പ്രൈവറ്റ് സ്യൂട്ട്, ജിംനേഷ്യം അടക്കം സൗകര്യങ്ങളുള്ള വിമാനത്തില്‍ 85-ല്‍ അധികം ഫോണ്‍ ലൈനുകളുമുണ്ട്. യു.എസ്. വ്യോമ സേനയാണ് എയര്‍ ഫോഴ്സ് വണ്ണിന്റെ പൈലറ്റിനെ തിരഞ്ഞെടുക്കുക. ഫൈറ്റര്‍ ജെറ്റുകള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും മിലിറ്ററി എയര്‍ ക്രാഫ്റ്റുകള്‍ 2500 മണിക്കൂര്‍ പറത്തി പരിചയവും വ്യോമ സേനയില്‍ 20 വര്‍ഷം സര്‍വീസുമുള്ളവരയൊണ് ഇതിനായി തിരഞ്ഞെടുക്കുക.
Content Highlights: Air India One vs Air Force One: Read About the 'Flying White House' & India's Multi-Billion Boeing B777
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..