പ്രതീകാത്മക ചിത്രം | Photo: Twitter/Breaking Aviation News & Videos, ANI
കാഠ്മണ്ഡു: ശ്രദ്ധക്കുറവിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നേപ്പാളിലെ ത്രിഭുവന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കണ്‍ട്രോളര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം.
വിമാനങ്ങള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ വ്യോമഗതാഗതം നിയന്ത്രിച്ചതിനാണ് നടപടി. എയര്‍ ഇന്ത്യയുടേയും നേപ്പാള്‍ എയര്‍ ലൈന്‍സിന്റേയും വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം.
കാഠ്മണ്ഡുവില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപുരിലേക്ക് പോവുകയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനവും ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവില്‍ പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവുമാണ് അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നത്. എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങുകയും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയുമായിരുന്നു. ഇരുവിമാനങ്ങളും അടുത്തടുത്താണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 7,000 അടി ഉയരത്തിലേക്ക് തിരിച്ചിറക്കിയാണ് കൂട്ടിയിടി ഒഴിവാക്കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാളിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. സംഭവം നടന്ന സമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന മൂന്ന് ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Air India, Nepal Airlines Planes Almost Collided, 3 Controllers Suspended
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..