സോഫിയ: ഇന്ത്യക്കാരനായ യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് പാരിസില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ ഇറക്കി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. 

വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെ യാത്രക്കാരന്‍ മറ്റു യാത്രക്കാരുമായി കലഹിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ കയ്യേറ്റം ചെയ്യുകയും കോക്ക്പിറ്റിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമം നടത്തുകയും ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായ ഇവൈലോ ആംഗലോവ് പറഞ്ഞു. 

യാത്രക്കാരന്റെ പെരുമാറ്റം അസഹനീയമായതിനെ തുടര്‍ന്ന് ഫ്‌ളൈറ്റ് കമാന്‍ഡര്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനായി അനുമതി തേടുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു. വിമാനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പത്ത് കൊല്ലം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാം. ഇന്ത്യാക്കാരനാണെന്നതൊഴികെ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പ്രവൃത്തികളെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഇവൈലോ ആംഗലോവ് അറിയിച്ചു. 

 

 

Content Highlights: Air France Emergency Landing Over Disruptive Indian Passenger