ന്യൂഡല്‍ഹി: അതിഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കുന്നതിനിടെ സ്വന്തം സുരക്ഷാ കവചം അഴിച്ചു മാറ്റിയ എയിംസ് ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ച് അധികൃതര്‍.

ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനായ ഡോക്ടർ സാഹിദ് അബ്ദുള്‍ മജീദ് ആണ് സ്വന്തം ജീവന്‍ വരെ അപകടപ്പെടുത്തി രോഗിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത്. എയിംസിലെ സീനിയർ റസിഡന്റ് ഡോക്ടറാണ് അദ്ദേഹം.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആംബുലന്‍സിനുള്ളിലാണ് സംഭവം.

ഗുരുതരാവസ്ഥയിലായ രോഗിയെ മജീദ് ആംബുലന്‍സില്‍ എത്തി സന്ദര്‍ശിച്ചപ്പോള്‍ ശ്വാസം വലിക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി. ട്യൂബു വഴി കൃത്രിമ ശ്വാസോച്ഛ്വാസം രോഗിക്ക് നൽകിയിരുന്നു. എന്നാൽ ചില തടസ്സങ്ങളെ തുടർന്ന് രോഗിയുടെ ട്യൂബ് ഊരി വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഈ സമയം ധരിച്ചിരുന്ന ഗോഗിള്‍സ് മൂലം കാഴ്ച ശരിയാവാഞ്ഞതാണ് സുരക്ഷാ കവചം ഊരാന്‍ ഡോക്ടറെ പ്രേരിപ്പിച്ചത്.

'ഇൻട്യൂബേറ്റ് ചെയ്യപ്പെട്ട രോഗി മരണ വെപ്രാളത്തിലായതിനാൽ ഞാന്‍ ഉടന്‍ തന്നെ വീണ്ടും ഇന്‍ബ്യൂബേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആംബുലന്‍സിനുള്ളില്‍ ഗോഗിളിലൂടെയുള്ള കാഴ്ച ശരിയാവാത്തതിനാല്‍ ഗോഗിളുകളും ഫെയ്‌സ് ഷീല്‍ഡും ഞാന്‍ നീക്കംചെയ്യുകയായിരുന്നു. വീണ്ടും ഇന്‍ട്യുബേറ്റ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ഒരു പക്ഷെ രോഗിയുടെ മരണത്തിന് കാരണമാവുമായിരുന്നു", ഡോക്ടര്‍ പറയുന്നു.

സാഹിദ് അബദുള്‍ മജീദ് തൻറെ നോമ്പു തുറക്കാന്‍ പോലും സമയമില്ലാതെയാണ് ആശുപത്രിയിലേക്ക് പോയതെന്ന് എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാര്‍ പറയുന്നു.

"രോഗിയുടെ ജീവന്‍ രക്ഷിക്കാനായി സുരക്ഷാ കവചം എടുത്തു മാറ്റാന്‍ മജീദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. തന്റെ ചുമതല നിറവേറ്റുന്നതിനായി വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള പരിതസ്ഥിതിക്ക് അദ്ദേഹം സ്വയം വിധേയനാകുകയായിരുന്നു". സഹീദ് അബ്ദുല്‍ മജീദ് തൊഴിലിനായി സ്വയം സമര്‍പ്പിച്ച അനുകമ്പയുള്ള ഡോക്ടറാണെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

content highlights: AIIMS Doctor Removes Protective Gear To Save COVID-19 Patient