മാഡ്രിഡ്:  ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും മുന്നൂറിലേറെപേരുടെ 13 ദിവസംനീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനവും വിഫലമായി. രണ്ടുവയസ്സുകാരന്‍ ജൂലേന്‍ റോസെല്ലോയ്ക്ക് ഒടുവില്‍ കണ്ണീരോടെ വിട. ജനുവരി 13-ന് സ്‌പെയിനിലെ മലാഗ പ്രവിശ്യയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ ജൂലേന്‍ റോസെല്ലോയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനത്തിന് അവസാനമായത്. 

ജനുവരി 13-നാണ് ജൂലേന്‍ റോസെല്ലോ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണത്. 360 അടി താഴ്ചയും ഒമ്പത് ഇഞ്ച് വ്യാസമുള്ള കുഴിയിലാണ് രണ്ടുവയസുകാരന്‍ വീണത്. കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ കുട്ടി എവിടെയാണെന്നറിയാന്‍ ക്യാമറകള്‍ ഘടിപ്പിച്ച മൈക്രോ റോബോട്ടുകളെ കുഴിയിലേക്ക് ഇറക്കിയെങ്കിലും 260 അടി വരെ മാത്രമാണ് റോബോട്ടുകളെ എത്തിക്കാനായത്. തുടര്‍ന്ന് അപകടമുണ്ടായ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയും തുരങ്കവും നിര്‍മിക്കുകയായിരുന്നു. 

സ്‌പെയിനില്‍ നടന്ന ഏറ്റവും ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനമായിരുന്നു മലാഗയിലേത്. നിരവധി മെഷീനുകള്‍ ഉപയോഗിച്ച് മുന്നൂറിലേറെ രക്ഷാപ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായി. എന്നാല്‍ ശക്തിയേറിയ പാറകളും കല്ലുകളും രക്ഷാപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കി. ഇതിനിടെ കുട്ടിയുടേതെന്ന് കരുതുന്ന തലമുടി കുഴല്‍ക്കിണറില്‍നിന്ന് കണ്ടെത്തിയിരുന്നു. ഡി.എന്‍.എ. പരിശോധനയില്‍ ഇത് ജൂലേന്‍ റോസെല്ലോയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

കുട്ടി കുഴിയിലേക്ക് പതിച്ചപ്പോള്‍ പാറക്കല്ലുകളും മണ്ണുമടിഞ്ഞതാണ് കുട്ടി എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ വെല്ലുവിളിയായത്. ഇതിനിടെ സ്‌പെയിനിലെ മാധ്യമങ്ങളിലെല്ലാം ഈ മാരത്തോണ്‍ രക്ഷാപ്രവര്‍ത്തനം പ്രധാനവാര്‍ത്തയായി. ഓരോ നിമിഷങ്ങളിലും ടി.വി. ചാനലുകള്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ബ്രേക്ക് ചെയ്തു. തത്സമയ സംപ്രേക്ഷണങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വിവരങ്ങളറിയാന്‍ ജനങ്ങളെല്ലാം കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു. ഒരു രാജ്യം മുഴുവന്‍ അവനുവേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും അവസാനംകുറിച്ചാണ് ജൂലേന്റെ മൃതദേഹം കണ്ടെടുത്തെന്ന വാര്‍ത്ത പുറത്തുവന്നത്.

മകന്‍ അപകടത്തില്‍പ്പെട്ടത് മുതല്‍ മൃതദേഹം കണ്ടെടുക്കുന്നതുവരെ ജൂലേന്റെ മാതാപിതാക്കള്‍ കുഴല്‍ക്കിണറിന് സമീപത്തുണ്ടായിരുന്നു. ഒടുവില്‍ മകന്റെ ചലനമറ്റ ശരീരം പുറത്തെടുക്കുമ്പോള്‍ പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ നൊമ്പരമായി. ജൂലേന്റെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. സ്‌പെയിന്‍ രാജകുടുംബവും സംഭവത്തില്‍ അനുശോചനമറിയിച്ചു.   

Content Highlights: after 13 days two year old boy's dead body found from well