കേപ്ടൗൺ: യൂറോപ്പിന് പിന്നാലെ കൊറോണ വൈറസിന്റെ അടുത്ത ഇര ആഫ്രിക്കൻ ഭൂഖണ്ഡമാകുമോയെന്ന ആശങ്കയിൽ ലോകം. ആഫ്രിക്കയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകളുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തിൽ 40 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ അഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലായി 30,000 ആളുകളിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1,374 പേർ മരിക്കുകയും ചെയ്തു. വരുന്ന മൂന്നുമുതൽ ആറുമാസം വരെയുള്ള സമയത്തിനുള്ളിൽ ആഫ്രിക്കയിൽ ഒരുകോടിക്ക് മുകളിൽ ആളുകളെ കൊറോണ വൈറസ് ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻകരുതലുകൾ ശക്തിപ്പെടുത്തിയാൽ ഇത്രയും വലിയ വ്യാപനം തടയാൻ സാധിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്. 4,361 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളാണ് ഈജിപ്ത് (4,319) മൊറോക്കൊ (3,819), അൽജീരിയ(3,256) എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ.

പോഷകാഹാരക്കുറവ്, എച്ച്ഐവി എന്നീ ആരോഗ്യ പ്രശ്നങ്ങൾ സജീവമായി നിലനിൽക്കുന്ന രാജ്യങ്ങളാണ് ഇവിടെയുള്ളത്. ആരോഗ്യമുള്ള യുവാക്കളിൽ രോഗം സങ്കീർണമാകില്ലെങ്കിലും മുമ്പുപറഞ്ഞ പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്ത് കോവിഡ്-19 ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

മാത്രമല്ല ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് മറ്റൊരു പ്രശ്നം. കൂടുതൽ രോഗികൾ ഉണ്ടായാൽ അതിനെ നേരിടാൻ തക്ക ആശുപത്രികളോ ഗുരുതര രോഗിരളെ ചികിത്സിക്കാൻ വേണ്ട വെന്റിലേറ്ററുകളോ ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും ഇല്ല. ഭൂഖണ്ഡത്തിലെ സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങൾ കാരണം വ്യക്തികൾ തമ്മിൽ സാമൂഹ്യ അകലം പാലിക്കൽ അസാധ്യമായേക്കാം.

അതിനിടെ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ശൈത്യകാലമാകുന്നതോടെ ആഫ്രിക്കയിൽ രോഗത്തിന്റെ രണ്ടാം വ്യാപനം ഉണ്ടാകുമെന്നാണ് കുതുന്നത്. അതിനുമുമ്പ് കുറഞ്ഞത് 7.4 കോടി ടെസ്റ്റിങ് കിറ്റുകളും 30,000 വെന്റിലേറ്ററുകളും ആവശ്യമായി വരുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കുകൂട്ടുന്നത്..

Content Highlights:Africa suffers 40 per cent rise in COVID cases and deaths in past 10 days