താലിബാൻ ഭീകരർ | ചിത്രം: എ.പി
പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ അഫ്പാക് എന്നൊരു യൂണിയന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നയതന്ത്ര വിദഗ്ദന്‍ ടി.പി.ശ്രീനിവാസന്റെ മുന്നറിയിപ്പ്. വ്യാപാരം സംബന്ധിച്ചുള്ളത് മാത്രമാണ് ചൈനയ്ക്ക് അഫ്ഗാനില്‍ ഉള്ള താല്‍പര്യം എന്നു പറയാന്‍ കഴിയില്ല. പാകിസ്താന്‍ ചൈനയുടെ കൈകളിലായതിനാല്‍ ഈ വിഷയത്തില്‍ അവര്‍ക്ക് നേരിട്ട് ഇടപെടേണ്ട കാര്യം വരുന്നില്ലെന്നും മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അഭിമുഖത്തിൽ നിന്ന്...
അഫ്പാക് യൂണിയന്‍

പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പാകിസ്താനാണ് ഇത് ഏകോപിപ്പിക്കുന്നത്. അഫ്പാക് എന്നൊരു യൂണിയന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയുണ്ടായാല്‍ പാകിസ്താനെക്കാള്‍ വലിയൊരു ശത്രു നമ്മുടെ അയല്‍പക്കത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ അത്ര നല്ല പ്രതിച്ഛായയല്ല ഇപ്പോള്‍ ഉള്ളത്. അതിനാല്‍ തന്നെ ഒരു യൂണിയന്‍ അടിയന്തരമായി സ്ഥാപിക്കാനുള്ള സാധ്യതയില്ല. എന്നിരുന്നാലും ഭാവിയില്‍ അഫ്പാക് യുണിയന്‍ ഉണ്ടാകാനുള്ള തള്ളിക്കളയാനുമാകില്ല.
പാകിസ്താനെ സംബന്ധിച്ചിടത്തോളം കശ്മീര്‍ പിടിച്ചെടുക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം. ചൈനയുടെ പിന്തുണയും പാകിസ്താനുണ്ട്. ഇതിനോടകം തന്നെ ഇന്ത്യ പ്രതിരോധം ശക്തമാക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ടാകുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പക്ഷെ അവര്‍ ഒരുമിച്ച് നിലപാടുകളെടുക്കുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവര്‍ ഒരു വലിയ രാജ്യമാണ്. ഇത് ഇന്ത്യയെപ്പോലെ ശക്തമായ രാജ്യത്തെ നേരിടാനുള്ള പാകിസ്താന്റെ പര്യാപ്തതയെ വര്‍ദ്ധിപ്പിക്കുന്നതാണ്.
ചൈനയുടെ താല്‍പര്യങ്ങള്‍
വ്യാപാരം സംബന്ധിച്ചുള്ളത് മാത്രമാണ് ചൈനയ്ക്ക് അഫ്ഗാനില്‍ ഉള്ള താല്‍പര്യം എന്നു പറയാന്‍ കഴിയില്ല. പാകിസ്താന്‍ ചൈനയുടെ കൈകളിലായതിനാല്‍ ഈ വിഷയത്തില്‍ അവര്‍ക്ക് നേരിട്ട് ഇടപെടേണ്ട കാര്യം വരുന്നില്ല. എന്നാല്‍ പാകിസ്താന്‍, ചൈന, അഫ്ഗാനിസ്താന്‍ എന്നിവര്‍ ചേര്‍ന്ന ഒരു അച്ചുതണ്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചൈനയുടെ ഏറ്റവും വലിയ സംരംഭം ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവാണ്. താലിബാന്റെ വരവോടെ ഈ പദ്ധതിക്ക് വലിയ മാനങ്ങള്‍ കൈവരും. ഇന്ത്യയെപ്പോലെ തന്നെ അഫ്ഗാനിസ്താനും ഇതുവരെ ഈ പദ്ധതിയുടെ ഭാഗമായിരുന്നില്ല. മധ്യ ഏഷ്യയിലേക്കുള്ള പാതയില്‍ ഇത്രയും നാള്‍ അഫ്ഗാനിസ്താന്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ താലിബാന്‍ ഭരണം വരുന്നതോടെ അഫ്ഗാനും ഇതില്‍ പങ്കാളിയാകുകയും ഇതിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യും.
ഇതുകൂടാതെ ചൈനയുടെ മറ്റൊരു കണ്ണ് അഫ്ഗാനിസ്താനിലെ അപൂര്‍വ്വ ധാതു നിക്ഷേപങ്ങളിലാണ്. ഇപ്പാള്‍ തന്നെ ലോകത്തിലെ അപൂര്‍വ്വമായ ധാതുക്കളുടെ 70-80 ശതമാനം വരെ ചൈനയാണ് നിയന്ത്രിക്കുന്നത്. എവിടെയൊക്കെ ആധുനിക സാങ്കേതികവിദ്യയുണ്ടോ അവിടെയെല്ലാം ചൈനയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് നമുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ മധ്യ ഏഷ്യയിലേക്കുള്ള പാതയും അപൂര്‍വ ധാതുക്കളും തന്നെയാണ് ചൈനയുടെ ഈ വിഷയത്തിലുള്ള പ്രത്യേക താല്‍പര്യങ്ങള്‍.
റഷ്യയുടെ തിരിച്ചറിവ്
അഫ്ഗാന്‍ അനുകൂല സഖ്യത്തില്‍ റഷ്യയും ചേരുന്നു എന്നുള്ളതായിരുന്നു നമുക്ക് കിട്ടിയ വിവരങ്ങള്‍. എന്നാല്‍ റഷ്യ ഇപ്പോള്‍ കുറച്ചുകൂടി ജാഗരൂകരായിട്ടുണ്ട് എന്നുള്ളതാണ് ഇപ്പാള്‍ ഇന്ത്യയിലെത്തി നടത്തിയ ചര്‍ച്ചകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അമേരിക്ക അഫ്ഗാന്‍ വിട്ടുപോയ സമയത്ത് റഷ്യ എംബസ്സിയെ തിരിച്ചു വിളിച്ചിരുന്നില്ല. ചൈനയും റഷ്യയും ഇറാനും താലിബാന് അനുകൂലിച്ചുകൊണ്ടുള്ള നിലപാടുകളായിരുന്നു എടുത്തിരുന്നത്. ഇപ്പോള്‍ ഇന്ത്യയുമായി നടന്ന ചര്‍ച്ചകളോടെ റഷ്യ അവരുടെ നിലപാടുകള്‍ മാറ്റി എന്നുള്ളതാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യാശ നൽകുന്ന ഒരു കാര്യമാണ്.
ഇന്ത്യയുടെ തുടര്‍നടപടികള്‍
ഇങ്ങോട്ടൊരു ആക്രമണമുണ്ടാകാതെ ഇന്ത്യ ഒരിക്കലും നേരിട്ട് അങ്ങോട്ട് ആക്രമിക്കാൻ പോകില്ല. ഇന്ത്യയ്ക്ക് ഒന്നും നേടാനില്ല. സമാധാനം മാത്രമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷെ ഇങ്ങോട്ട് പ്രകോപനപരമായ നടപടികളുണ്ടായാല്‍ പിന്നെ അത് പ്രതിരോധിക്കാതെ മാര്‍ഗമില്ലല്ലോ. നിലവില്‍ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചര്‍ച്ചകളും മറ്റും നടത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി മുന്നോട്ടുപോകാനായിരിക്കും സാധ്യത.
തയ്യാറാക്കിയത്: നന്ദു ശേഖർ.
Content Highlights: AfPak union and its challenges for india in kashmir issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..