കാബൂള്‍: അഫ്ഗാനിസ്താന്‍ സുരക്ഷാ സേനയിലെ മുന്‍ അംഗങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കാന്‍ യുഎസും സഖ്യകക്ഷികളും താലിബാനോട് സംയുക്തമായി ആവശ്യപ്പെട്ടു.

മുന്‍ സര്‍ക്കാരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിച്ച് അവരെ മാനിക്കണമെന്ന് 22 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ താലിബാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായ കൊലപാതകങ്ങളും നിര്‍ബന്ധിത തിരോധാനങ്ങള്‍ സംബന്ധിച്ചുമുള്ള  റിപ്പോര്‍ട്ടുകളും പുറത്ത് വന്നതിന് പിന്നാലെയാണ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയത്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തിട്ട് നാല് മാസം തികയുമ്പോള്‍ മുന്‍ സൈനികരായ അനേകംപേരെ വധശിക്ഷക്ക് വിധേയരാക്കിയെന്നും നിരവധി സൈനികരെ തട്ടിക്കൊണ്ടുപോയെന്നും ഹ്യമൂന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 

ഓഗസ്റ്റ് 15 നും ഒക്ടോബര്‍ 31 നും ഇടയില്‍ താലിബാന് മുന്നില്‍ കീഴടങ്ങുകയോ അവര്‍ പിടികൂടുകയോ ചെയ്ത അഫ്ഗാന്‍ സുരക്ഷാ സേനയിലെ 47 അംഗങ്ങളെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മറിച്ചാണ് അഫ്ഗാനില്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് യുഎസിന്റെ അടക്കം ഇടപെടല്‍ ഉണ്ടാകുന്നത്.

സംയുക്ത പ്രസ്താവനയില്‍ യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ മറ്റു 19 രാജ്യങ്ങളും ഒപ്പുവെച്ചു. താലിബാനെ അവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തുന്നത് തുടരുമെന്ന് പ്ര്‌സതാവനയില്‍ അടിവരിയിട്ടു.