കാബൂള്‍: യുഎസ് സേനയുടെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്താനെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ് താലിബാന്‍. എന്നാല്‍ താലിബാന് കീഴ്‌പ്പെടുത്താനാകാത്ത ഒരു പ്രവിശ്യ അഫ്ഗാനിലിപ്പോഴുമുണ്ട്. കാബൂളിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് 100 കിലോമീറ്റര്‍ അകലെ പാഞ്ച്ഷിര്‍. 

പേര്‍ഷ്യയില്‍ നിന്നുള്ള അഞ്ച് സിംഹങ്ങള്‍ എന്ന് അര്‍ത്ഥമുള്ള പാഞ്ച്ഷിറിനെ വിദേശ ശക്തികളോ താലിബാനോ ഇതുവരെ കീഴടക്കിയിട്ടില്ല. ഒരു സ്വതന്ത്ര മേഖലയായി തുടരുകയാണ്.

അഫ്ഗാനിസ്താനിലെ 35 പ്രവിശ്യകളിലൊന്നായ പഞ്ച്ഷിര്‍ വളരെ മനോഹരമായ താഴ്‌വരയാണ്. ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട് ഇവിടെ. 1.73 ലക്ഷമാണ് ജനസംഖ്യ. ബസറാകാണ് പാഞ്ച്ഷിര്‍ പ്രവിശ്യയുടെ തലസ്ഥാനം. 

ഇവിടെയാണ് മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സലേ ഉള്ളത്. അഫ്ഗാന്റെ താത്കാലിക പ്രസിഡന്റ് പദവി താന്‍ ഏറ്റെടുത്തതായും താലിബാനെതിരെ പ്രതിരോധത്തിന് തയ്യാറെടുക്കുന്നതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

കൊല്ലപ്പെട്ട താലിബാന്‍ വിരുദ്ധ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിനൊപ്പം പാഞ്ച്ഷിറില്‍ സലേ ഇരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഹമ്മദ് മസൂദിന്റെ ആഹ്വാനത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ സൈനികര്‍ പാഞ്ച്ഷിറിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

9/11ആക്രമണത്തിന് തൊട്ടുമുമ്പ് 2001-ല്‍ അല്‍ഖ്വയ്ദയും താലിബാനും ചേര്‍ന്നാണ് ഗൂഢാലോചനയിലൂടെ അഹമ്മദ് മസൂദിന്റെ പിതാവ് പാഞ്ച്ഷിറിന്റെ മകന്‍ എന്നറയിപ്പെടുന്ന അഹമ്മദ് ഷാ മസൂദിനെ കൊലപ്പെടുത്തിയത്. 

ഇളക്കം തട്ടാത്ത കോട്ട

1970 കളിലും 1980 കളിലും അഫ്ഗാനിസ്താനില്‍ സോവിയറ്റ് അധിനിവേശ സമയത്ത് പോലും പാഞ്ച്ഷിര്‍ ഒരു കോട്ടയായി നിലകൊണ്ടു. ഇപ്പോള്‍ അത് വീണ്ടും താലിബാന്‍ വിരുദ്ധ മുന്നണിയുടെ പ്രഭവകേന്ദ്രമാണ്.

അതേ സമയം അഫ്ഗാന്‍ സൈന്യത്തെ പൂര്‍ണ്ണമായും കീഴടക്കി താലിബാന്‍ ശക്തി പ്രാപിച്ച് നില്‍ക്കുന്ന ഘട്ടത്തില്‍ അവസാന കോട്ട മുറുകെ പിടിക്കുന്നത് സലേക്കും മസൂദിനും അവരുടെ അനുയായികള്‍ക്കും അത്ര എളുപ്പമായിരിക്കില്ല. പാഞ്ച്ഷിര്‍ യഥാര്‍ത്ഥത്തില്‍ താലിബാന്റെ ശക്തികേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. മുമ്പത്തേതിനേക്കാള്‍ ശക്തി പ്രാപിച്ചിട്ടുള്ള സംഘമായി മാറിയിട്ടുണ്ട് താലിബാന്‍. അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും കൈവശപ്പെടുത്തിയിട്ടുള്ള താലിബാന് മുന്നില്‍ പാഞ്ച്ഷിര്‍ ഉരുക്കുകോട്ടയായി നിലനില്‍ക്കുമോ എന്നത് കണ്ടറിയണം.