കാബൂൾ: ഐ.എസും മറ്റു ഭീകരസംഘടനകളും വേട്ടയാടുന്നതിനാല്‍ അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന ഹിന്ദു, സിഖ് മതവിശ്വാസികൾ പലായനം ചെയ്യാനൊരുങ്ങുന്നു. കാലങ്ങളായി തങ്ങൾ അനുഭവിക്കുന്ന വിവേചനം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ആക്രമണങ്ങളോടെ പൂർണമായെന്നും ഇവർ പറയുന്നു. തങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി.

കഴിഞ്ഞ മാർച്ച് 25-ന് കാബൂളിലെ ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൽ 25 സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇതോടെ വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളും രാജ്യം വിടണമെന്ന ആവശ്യക്കാരാണ്. 2,50,000 സിഖ് മതവിശ്വാസികളാണ് മുമ്പ് അഫ്ഗാനിൽ ഉണ്ടായിരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം അത് ഏകദേശം 700 പേർ മാത്രമാണ്. സമാനമാണ് ഹിന്ദുവിശ്വാസികളുടെയും അവസ്ഥ. ഇരുകൂട്ടർ
ക്കും സ്വന്തം ആരാധനാ കേന്ദ്രങ്ങൾ പോലും പലപ്പോഴായി നഷ്ടപ്പെട്ടു. ഇപ്പോൾ ഒരേ സ്ഥലം തന്നെ വ്യത്യസ്ത വിശ്വാസങ്ങളായിട്ടു പോലും ആരാധനയ്ക്കായി ഉപയോഗിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് ഭീകരാക്രമണങ്ങൾക്ക് ഇരകളാകേണ്ടി വരുന്നത്. വളരെ ചെറിയ സമൂഹത്തിന് ഇത്രയും വലിയ ആൾനാശമുണ്ടാകുന്നത് നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന സംഘത്തിലെ ഒരാൾ പറയുന്നു. മുഴുവൻ പേരും വെളിപ്പെടുത്തിയാൽ താൻ കൊല്ലപ്പെട്ടേക്കാമെന്നാണ് ഹംദ്രാദ് എന്ന് വിശേഷിപ്പിച്ചയാൾ പറയുന്നു. തന്റെ സഹോദരി, സഹോദരിയുടെ മക്കൾ, മരുകമൻ എന്നിവരുൾപ്പെടെ ഏഴ് പേരാണ് മാർച്ച് 25-ലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു.

ഇഈ സംഭവത്തോടെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിൽ അഭയം തേടുന്നത് വർധിച്ചു. കഴിഞ്ഞ ജൂലൈയിൽ 11 പേരും ഓഗസ്റ്റിൽ 176 പേരുമാണ് ഇത്തരത്തിൽ ഇന്ത്യയിലെത്തിയിരിക്കുന്നത്. അഫ്ഗാൻ സിഖ്- ഹിന്ദു വിശ്വാസികളായ കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള ആളുകളാണ് ഇവർക്ക് വേണ്ട വിമാന ടിക്കറ്റും മറ്റും തയ്യാറാക്കി കൊടുക്കുന്നത്.

Courtesy: Associated Press

Content Highlights:Afghanistan Hindu and Sikh community choosing to leave the country