ന്യൂഡല്‍ഹി: താലിബാന്റെ ശാക്തീകരണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് പ്രശസ്ത അഫ്ഗാന്‍ പോപ്ഗായിക ആര്യന സയീദ്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആര്യന സയീദ് അഫ്ഗാനിസ്താനില്‍ നിന്ന് പലായനം ചെയ്തിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ അഫ്ഗാനിസ്താന് എല്ലാവിധ സഹായവും നല്‍കുന്നതിന് ഇന്ത്യയോടുള്ള നന്ദിയും താരം അറിയിച്ചു. എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

'പാകിസ്താനാണ് ഭീകരസംഘടനയായ താലിബാന്റെ ശാക്തീകരണത്തിന് പിന്നില്‍. വര്‍ഷങ്ങളായി നിരവധി വീഡിയോകളിലൂടെ പാക്-താലിബാന്‍ ബന്ധത്തിന്റെ നിരവധി തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഓരോ തവണയും താലിബാനുമായി ഏറ്റുമുട്ടുമ്പോള്‍ സംഘടനയിലെ പാക് സ്വദേശികളുടെ സാന്നിധ്യം നമ്മുടെ ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. അക്കാരണത്താലാണ് ഞാന്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നത്. ഇതില്‍നിന്ന് പാകിസ്താന്‍ പിന്തിരിയുമെന്നും അഫ്ഗാന്റെ രാഷ്ട്രീയത്തില്‍ ഇനി പാക് ഇടപെടല്‍ ഉണ്ടാകില്ലെന്നുമാണ് പ്രതീക്ഷ', ആര്യന പറഞ്ഞു. 

താലിബാന്‍ ഭീകരര്‍ക്ക് നിര്‍ദേശങ്ങളും പരിശീലനവും നല്‍കുന്നത് പാകിസ്താനാണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. പാകിസ്താനില്‍ താലിബാന്‍ താവളങ്ങളുണ്ടെന്നും പാകിസ്താന് നല്‍കി വരുന്ന സാമ്പത്തിക സഹായം അന്താരാഷ്ട്ര സമൂഹം നിര്‍ത്തലാക്കണമെന്നും അതിലൂടെ താലിബാന് വേണ്ടി പാകിസ്താന്‍ നടത്തുന്ന ധനനിക്ഷേപം അവസാനിക്കുമെന്നും ആര്യന സയീദ് പറഞ്ഞു. പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആര്യന ഇന്ത്യ അഫ്ഗാന്റെ 'യഥാര്‍ഥ സുഹൃത്താ'ണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യാസര്‍ക്കാര്‍ അഫ്ഗാന് നല്‍കി വരുന്ന സഹായങ്ങളെ അവര്‍ പ്രശംസിക്കുകയും ചെയ്തു. 

കാബൂളില്‍ നിന്ന് യുഎസ് സൈനിക വിമാനത്തില്‍ ദോഹയിലെത്തിയ ആര്യന അവിടെ നിന്ന് കുടുംബത്തോടൊപ്പം ഇസ്താംബുളിലെത്തിയതായി സൂചനയുണ്ടെങ്കിലും നിലവില്‍ തങ്ങുന്ന സ്ഥലം അവര്‍ വെളിപ്പെടുത്തിയിട്ടില്ല.

മതപരമായ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ ആര്യനക്കെതിരെ വധഭീഷണി നിലവിലുണ്ട്. പൊതുസ്ഥലത്ത് ഗാനമാലപിക്കുക, ഹിജാബ് ധരിക്കാതിരിക്കുക, സ്റ്റേഡിയത്തില്‍ പ്രവേശിക്കുക തുടങ്ങി താലിബാന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച വനിതയെന്ന നിലയില്‍ ആര്യന സംഘടനയുടെ നോട്ടപ്പുള്ളിയാണ്. കലാപ്രവര്‍ത്തനത്തോടൊപ്പം സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്. കാബൂള്‍ കിം കര്‍ദാഷിയാനെന്നാണ് ആര്യന സയീദ്‌ അറിയപ്പെടുന്നത്.

Content Highlights: Afghan Pop Star Aryana Sayeed Blames Pak For Taliban Takeover, Says India "True Friend"