കാബൂള്‍: അഫ്ഗാനിസ്താന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റര്‍പോളിനോട് അഭ്യര്‍ഥിച്ച് താജിക്കിസ്താനിലെ അഫ്ഗാന് എംബസി. ഗനിക്ക് പുറമെ അഫ്ഗാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മോഹിബ്, ഗനിയുടെ ഉപദേഷ്ടാവ് ഫസെല് മഹ്മൂദ് എന്നിവരെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം.
സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മോഷണം നടത്തിയെന്ന ആരോപണമാണ് ഇവര്‍ക്കെതിരേ ഉള്ളത്. ഗനി അടക്കമുള്ളവര്‍ മോഷ്ടിച്ച തുക രാജ്യാന്തര ട്രൈബ്യൂണലിനെ ഏല്‍പ്പിക്കണമെന്നും ജനങ്ങളുടെ പണം തിരികെ ലഭിക്കാന്‍ വഴിയൊരുക്കണമെന്നും താജിക്കിസ്താനിലെ അഫ്ഗാന് എംബസി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അഫ്ഗാന് തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രസിഡന്റ് ഗനി രാജ്യംവിട്ടത്. അദ്ദേഹത്തിന് അഭയം നല്കാന് താജിക്കിസ്താന്‍ വിസമ്മതിച്ചതോടെ അദ്ദേഹം ഒമാനില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അദ്ദേഹം ഉസ്ബെക്കിസ്താനില്‍ എത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളും ഉണ്ട്.
എന്നാല്‍ ഗനി എവിടെയാണെന്ന കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. അദ്ദേഹം നാല് കാറുകളില്‍ എത്തിച്ച പണവുമായാണ് ഹെലിക്കോപ്റ്ററില്‍ രാജ്യംവിട്ടതെന്ന് കാബൂളിലെ റഷ്യന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. പണം മുഴുവന്‍ ഹെലിക്കോപ്റ്ററില്‍ ഒപ്പം കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനാല്‍ കുറച്ച് പണം ഉപേക്ഷിച്ചുവെന്നും റഷ്യന്‍ എംബസി വെളിപ്പെടുത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഗനി രാജ്യംവിട്ട നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നുവെങ്കിലും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.
അഫ്ഗാനിസ്താന്റെ 14-ാമത്തെ പ്രസിഡന്റാണ് ഗനി. 2014 സെപ്റ്റംബര്‍ 20 നാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2019 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്താന് ഭരിച്ച താലിബാനാണ് വീണ്ടും ഭരണം പിടിച്ചെടുത്തിട്ടുള്ളത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ 2001 ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയായിരുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താനില്‍നിന്ന് പിന്മാറിയതോടെ അവര്‍ വീണ്ടും അധികാരം പിടിച്ചെടുത്തു.
Content highlights: Afghan embassy in Thajikistan demands arrest of Ashraf Ghani over treasury theft
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..