ബെയ്ജിങ്: അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കും താലിബാന്റെ മുന്നേറ്റത്തിനും യു.എസിനെ കുറ്റപ്പെടുത്തി ചൈന. അഫ്ഗാനിസ്താന്‍ വിട്ട യു.എസ്. സൈന്യവും അധികൃതരും അവിടെ ബാക്കി വെച്ചത് 'വലിയ കുഴപ്പങ്ങളാ'ണെന്ന് ചൈന ആരോപിച്ചു.

അഫ്ഗാനില്‍ അസ്വസ്ഥതയുടെയും വിഭജനത്തിന്റെയും കുടുംബങ്ങളുടെ തകര്‍ച്ചയുടെയും വലിയൊരു അരക്ഷിതാവസ്ഥയാണ് യു.എസ്. ബാക്കി വെച്ചതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുനെയ്ങ് ചൊവ്വാഴ്ച പറഞ്ഞു. 

യു.എസ്. സൈന്യം അഫ്ഗാന്‍ വിടുകയാണെന്ന അറിയിപ്പ് പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്നുള്ള സൂചന ചൈന നല്‍കിയിരുന്നു. കാബൂള്‍ ഉള്‍പ്പടെ രാജ്യമെമ്പാടും തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നതിന് താലിബാനെ ഇത് സഹായിച്ചു. 
 
20 വര്‍ഷത്തെ അഫ്ഗാന്‍ സേവനത്തിനുശേഷം തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയാണെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. അഫ്ഗാന്‍ സൈന്യം പോരാടാന്‍ തയ്യാറാകാത്തിടത്ത് തങ്ങള്‍ പോരാടേണ്ടതില്ലെന്ന് ഇതിനു മറുപടിയായി ബൈഡന്‍ വ്യക്തമാക്കിയിരുന്നു. 
 
അഫ്ഗാനിസ്ഥാനുമായി 76 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയാണ് ചൈനയ്ക്കുള്ളത്. ന്യൂനപക്ഷ വിഭാഗമായ ഉയ്ഗുറുകളുടെ കേന്ദ്രമായി അതിര്‍ത്തിപ്രദേശമായ ഷിന്‍ജിയാങ് മാറുമോയെന്ന ഭയം ഏറെ നാളായി ബെയ്ജിങ്ങിനുണ്ട്. 
 
അതേസമയം, അഫ്ഗാനെ ഭീകരരുടെ താവളമായി ഉപയോഗിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി തിയാന്‍ജിനില്‍ കഴിഞ്ഞമാസം നടത്തിയ കൂടിക്കാഴ്ചയില്‍ താലിബാന്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാന്റെ പുനഃരുദ്ധാരണത്തിനുള്ള സാമ്പത്തികസഹായവും നിക്ഷേപവുമായിരുന്നു ഇതിനുപകരമുള്ള ചൈനയുടെ വാഗ്ദാനങ്ങള്‍. 
 
താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനുമായി സൗഹൃദവും സഹകരണവും തുടരാന്‍ തയ്യാറാണെന്ന് തിങ്കളാഴ്ച ചൈന വ്യക്തമാക്കിയിരുന്നു

Content Highlights: afghan crisis china denounces us awful mess in afghanistan