ഗൗതം അദാനി, അലി സാബ്രി | Photo: AFP, AP
കൊളംബോ: രാജ്യത്തെ രണ്ട് കാറ്റാടിപ്പാടങ്ങളുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയത് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട് എന്ന നിലയിലാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ലങ്കയിലെ മന്നാര്‍, പൂനറിന്‍ നഗരങ്ങളില്‍ വൈദ്യുതി ഉത്പാദനത്തിനായി രണ്ട് കാറ്റാടി പാടങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ മാസം ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വസ്റ്റ്‌മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ കരാര്‍ അദാനി ഗ്രൂപ്പിന് കിട്ടിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണെന്നാണ് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
കരാര്‍ അദാനിക്ക് നല്‍കാന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സയ്ക്കുമേൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് നേരത്തെ സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എം.എം.സി. ഫെര്‍ഡിനാന്‍ഡോ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഇത് രജപക്‌സെ നിഷേധിച്ചതിനെത്തുടര്‍ന്ന് ഫെര്‍ഡിനാന്‍ഡോയ്ക്ക് സ്ഥാനം രാജിവെക്കേണ്ടിവന്നു. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ഹംബന്‍ ടോട്ടയില്‍ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള കരാറും അദാനിക്ക് ലഭിച്ചിരുന്നു. 70 കോടി ഡോളറിന്റേതായിരുന്നു ഈ കരാര്‍.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയുള്ളതുകൊണ്ടാണോ അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതെന്ന ചോദ്യത്തിന് 'യഥാർഥത്തിൽ അല്ല' എന്നായിരുന്നു അലി സാബ്രിയുടെ മറുപടി. ഒരു ഇന്ത്യന്‍ നിക്ഷേപകന്‍ രാജ്യത്തേക്ക് വരുന്നത് ഞങ്ങള്‍ സൂക്ഷ്മമായാണ് നോക്കിക്കണ്ടത്. ഇന്ത്യന്‍ സര്‍ക്കാരിനെ സംബന്ധിച്ചും തിരഞ്ഞെടുത്ത് അയച്ചവരെ സംബന്ധിച്ചും ആ നിക്ഷേപകന്‍ ആരാണെന്നും ഞങ്ങള്‍ വിലയിരുത്തി. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പ്രായോഗികതാ- വസ്തുതാ പരിശോധനകളും ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ തൃപ്തരായാൽ മുന്നോട്ട് പോകാനായിരുന്നു തീരുമാനമെന്ന് ലങ്കന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
'ഇതുവരെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പരാതികളൊന്നുമില്ല. സുതാര്യവും സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണയുമായതിനാല്‍ ഞങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. സര്‍ക്കാരുകള്‍ തമ്മിലുള്ളത് എന്ന് പറയുമ്പോള്‍ ബിസിനസില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് നടത്തുന്നു എന്നല്ല അര്‍ഥം. കമ്പനിയെ ഇന്ത്യന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത് അയക്കുകയായിരുന്നു', സാബ്രി അഭിമുഖത്തില്‍ പറഞ്ഞു.
അദാനി ഗ്രൂപ്പ് ഏറ്റെടുത്ത പദ്ധതി രാജ്യത്ത് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഓഹരിവിപണിയിലെ ഊഹക്കച്ചവടങ്ങള്‍ ഇതാദ്യമായല്ല. ഇത് ലോകത്ത് എല്ലായിടത്തും നടക്കുന്നുണ്ട്. അത് തങ്ങളെ ആശങ്കപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Adani Group project negotiated as ‘government-to-government’ deal, says Sri Lankan foreign minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..