ഹഷ്മത്ത് ഗനി | Screengrab : YouTube Video
അഫ്ഗാനിസ്താനില്‍ നിലനില്‍ക്കാനിടയുള്ള അസ്ഥിരത ഒഴിവാക്കാന്‍ വേണ്ടിയാണ് താലിബാനെ താന്‍ അംഗീകരിക്കുന്നതെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത്ത് ഗനി. രാജ്യം അധികാര കൈമാറ്റത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാല്‍ അഫ്ഗാനില്‍ തന്നെ തുടരുമെന്നും ഹഷ്മത്ത് ഗനി അറിയിച്ചു. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അഫ്ഗാനില്‍ വിഭിന്നങ്ങളായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും കൂടുതല്‍ രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുന്നതില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുകൂടിയാണ് താലിബാനെ അംഗീകരിക്കാന്‍ താന്‍ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ പ്രമുഖരായ പല വ്യവസായികളും അഫ്ഗാനെ ഒഴിവാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞാന്‍ താലിബാനെ അംഗീകരിക്കുന്നു പക്ഷെ പിന്തുണയ്ക്കുന്നില്ല,'പിന്താങ്ങുക'എന്നത് ശക്തമായ ഒരു പദമാണ്. അവര്‍ സംയമനം പാലിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ', ഗനി പറഞ്ഞു. അത്തരമൊരു സന്ദര്‍ഭത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്ന പാശ്ചാത്യ സേനകള്‍ പിന്‍മാറുന്നതോടെ സാഹചര്യം കലാപസമാനമാകുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കാനിടയില്ലെന്ന് ഹഷ്മത്ത് ഗനി മറുപടി നല്‍കി. 'അവര്‍ (താലിബാന്‍)അഫ്ഗാനിലെ വ്യവസായികളോട് സൗഹാര്‍ദപരമായാണ് പെരുമാറുന്നത്. സ്ത്രീകളെ ജോലിയ്ക്ക് പോകാന്‍ അനുവദിക്കുമെന്ന് അവര്‍ പറയുന്നുണ്ട്. അവരുടെ മുതിര്‍ന്ന നേതാക്കളില്‍ നിന്നാണ് നാമത് കേള്‍ക്കുന്നത്, അവരത് അനുവദിക്കമെന്ന് തന്നെയാണ് കരുതുന്നത്', ഗനി പറഞ്ഞു.
'അഫ്ഗാന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ ഇല്ലാതാക്കുക എന്നത് പ്രധാനമാണ്. താലിബാന്റെ സാമൂഹികവും സാംസ്‌കാരികവുമായ കാഴ്ചപ്പാടുകളും സമകാലിക ലോകത്തിന്റെ ആശയങ്ങളും വ്യത്യസ്തമാണ്. വിദ്യാസമ്പന്ന വിഭാഗം താലിബാനോടൊപ്പം നൂതനമായ ആശയങ്ങള്‍ പങ്കുവെച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ശക്തമായ അടിത്തറ ഉറപ്പുവരുത്തണം. പക്ഷെ അതിലുപരി ഒരു ഭരണസംവിധാനമാണ് പ്രധാനം. അവിടെയാണ് വിദ്യസമ്പന്നസമൂഹത്തിന് സഹായിക്കാനാവുന്നത്. വിദ്യാസമ്പന്നര്‍ക്കും വ്യവസായസമൂഹത്തിനും ഇക്കാര്യത്തില്‍ വിശ്വാസ്യത ജനിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ അഫ്ഗാനില്‍ തന്നെ തുടരുന്നത്', ഹഷ്മത്ത് ഗനി പറഞ്ഞു.
മനുഷ്യാവകാശങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിപ്പെടുമെന്നുള്ള താലിബാന്‍ വാഗ്ദാനം ഹഷ്മത്ത് ഗനി സ്വാഗതം ചെയ്തു. ഭരണസംവിധാനം രൂപീകരിക്കപ്പെട്ടാല്‍ താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ വാക്കുപാലിക്കുമെന്ന പ്രതീക്ഷയും ഗനി പങ്കുവെച്ചു. അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിലുള്ള 9.5 ബില്യണ്‍ ഡോളറിന്റെ ആസ്തി മരവിപ്പിക്കാനുള്ള യുഎസിന്റെ തീരുമാനത്തെ ഹഷ്മത്ത് ഗനി നിശിതമായി വിമര്‍ശിച്ചു.
Content Highlights: "Accept Taliban, Do Not Support Them" Former Afghan President's Brother Hashmat Ghani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..